Connect with us

Sports

യൂറോപ ലീഗ്: ചെല്‍സി സെമിയില്‍

Published

|

Last Updated

നിയോണ്‍: യുവേഫ യൂറോപ ലീഗ് സെമിഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി സ്വിറ്റ്‌സര്‍ലന്‍ഡ് ക്ലബ്ബ് എഫ് സി ബാസലിനെയും തുര്‍ക്കി ക്ലബ്ബ് ഫെനല്‍ബഷെ പോര്‍ച്ചുഗല്‍ ടീം ബെനഫിക്കയെയും നേരിടും.റഷ്യന്‍ ക്ലബ്ബ് റുബിന്‍കസാനെതിരെ രണ്ടാം പാദ ക്വാര്‍ട്ടര്‍ 3-2ന് തോറ്റ ചെല്‍സി ഇരുപാദ സ്‌കോറിംഗിലാണ് സെമിയിലേക്ക് മുന്നേറിയത്. ഹോംഗ്രൗണ്ടിലെ ആദ്യ പാദം ചെല്‍സി 3-1ന് ജയിച്ചിരുന്നു. ഇതോടെ, 5-4 ആയി ഇരുപാദ സ്‌കോര്‍. ന്യൂകാസിലുമായി രണ്ടാം പാദം 1-1ന് സമനിലയായ ബെനഫിക്ക ഇരുപാദ സ്‌കോറിംഗില്‍ 4-2ന് മുന്നിലെത്തി. ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ 1-3നാണ് ഫെനര്‍ബഷെ തോല്‍പ്പിച്ചത്. രണ്ടാം പാദം 1-1ന് സമനിലയായിരുന്നു. ഇരുപാദത്തിലുമായി എഫ് സി ബാസലും ടോട്ടനം ഹോസ്പറും 4-4ന് സമനിലയായതോടെ ഷൂട്ടൗട്ടിലാണ് വിധി തീര്‍പ്പായത്. ബാസല്‍ 4-1ന് ജയിച്ചു.താത്കാലിക കോച്ച് റാഫേല്‍ ബെനിറ്റസിലൂടെ ചെല്‍സി യൂറോപ ലീഗ് കിരീടം സ്വപ്‌നം കണ്ടു തുടങ്ങി. കഴിഞ്ഞ വര്‍ഷം ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത് ഡി മാറ്റിയോ എന്ന താത്കാലിക പരിശീലകനിലൂടെയാണ്. 1971,1998 വര്‍ഷങ്ങളില്‍ കപ്പ് വിന്നേഴ്‌സ് കപ്പും കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗും നേടിയ ചെല്‍സിക്ക് യൂറോപ്പ് ലീഗ് കിരീടം കൂടി നേടിയാല്‍ യുവേഫയുടെ പ്രധാന മൂന്ന് ചാമ്പ്യന്‍ഷിപ്പും ജയിക്കുന്ന നാലാമത്തെ ടീമായി മാറാം. റഷ്യയില്‍ റുബിന്‍ കസാനെതിരെ ഫെര്‍നാണ്ടോ ടോറസിന്റെ ഗോളില്‍ ചെല്‍സിയാണ് ലീഡെടുത്തത്. മര്‍സാനോ(51) റുബിന് സമനില നേടി. മോസസ്(55) ചെല്‍സിയെ 2-1ന് മുന്നിലെത്തിച്ചു. കരാഡെനിസ്(62), നാചോ(75, പെനാല്‍റ്റി) എന്നിവരിലൂടെ ഹോംടീം തിരിച്ചടിച്ചു (3-2). രണ്ട് ഗോള്‍ കൂടി നേടിയാലെ റുബിന് സെമി സാധ്യതയുണ്ടായിരുന്നുള്ളൂ.

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ-ബയേണ്‍ സൂപ്പര്‍ സെമി

നിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ബാഴ്‌സലോണ-ബയേണ്‍ മ്യൂണിക്, റയല്‍മാഡ്രിഡ്-ബൊറൂസിയ ഡോര്‍ട്മുണ്ട് പോരാട്ടങ്ങള്‍. ബാഴ്‌സ-റയല്‍ എല്‍ക്ലാസികോ ഫൈനലിന് സാധ്യത നിലനില്‍ക്കുന്നു. മെയ് 25ന് വെംബ്ലിയിലാണ് ഫൈനല്‍. ഏപ്രില്‍ 23-24 തീയതികളില്‍ ആദ്യ പാദ സെമിയും ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളില്‍ രണ്ടാം പാദ സെമിയും നടക്കും. ഇത്തവണ സെമിയില്‍ സ്പാനിഷ്, ജര്‍മന്‍ ടീമുകള്‍ മാത്രമാണ് ഇടം പിടിച്ചത്. ബാഴ്‌സയും റയലും സ്പാനിഷ് പ്രതിനിധികളായപ്പോള്‍ ബയേണും ബൊറൂസിയ ഡോര്‍ട്മുണ്ടും ജര്‍മനിയുടെ അഭിമാനമായി. ഹെയിന്‍കസിന്റെ പരിശീലക മികവില്‍ ബയേണ്‍മ്യൂണിക് അനിഷേധ്യനിരയായി മാറിയിട്ടുണ്ട്. പ്രതാപം മങ്ങിത്തുടങ്ങിയ ബാഴ്‌സലോണ കരുത്തു ചോരാതിരിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ഇവര്‍, നേര്‍ക്കുനേര്‍ വരുന്നതാണ് സൂപ്പര്‍ സെമി. ലയണല്‍ മെസിയുടെ സാന്നിധ്യമാണ് ബാഴ്‌സയുടെ കരുത്ത്. ഫ്രാങ്ക് റിബറി, ആര്യന്‍ റോബന്‍, മുള്ളര്‍, ഫിലിപ് ലാം, മാന്‍ഡുകിച് എന്നിങ്ങനെ നീളുന്ന സൂപ്പര്‍നിരയാണ് ബയേണിന് കരുത്തേകുന്നത്. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ജുവെന്റസിനെ ക്വാര്‍ട്ടറില്‍ നാണംകെടുത്തിയാണ് ബയേണിന്റെ കുതിപ്പ്. അതേ സമയം ക്വാര്‍ട്ടറില്‍ പി എസ് ജിയോട് കഷ്ടിച്ച് എവേ ഗോള്‍ ബലത്തില്‍ രക്ഷപ്പെടുകയായിരുന്നു ബാഴ്‌സ.

 

Latest