വധശിക്ഷ നീളുന്നത് ശിക്ഷ ഇളവ് ചെയ്യാന്‍ കാരണമല്ല: സുപ്രീംകോടതി

Posted on: April 12, 2013 11:01 am | Last updated: April 13, 2013 at 8:16 am

ന്യൂഡല്‍ഹി: ദയാഹര്‍ജി തീര്‍പ്പാക്കുന്നത് നീണ്ടാല്‍ വധശിക്ഷ റദ്ദാക്കാനാവില്ലെന്നും ഇത്തരത്തില്‍ തടവ് നീളുന്നത് മനുഷ്യാവകാശ ലംഘനമായി പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വിധിച്ചു. 1993 ല്‍ ന്യൂഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് 9 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനക്കേസില്‍ പ്രതിയായ ദേവീന്ദര്‍പാല്‍ സിംഗ് ഭുള്ളാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. വധശിക്ഷ വിധിച്ച് ദീര്‍ഘകാലം തടവിലിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാരണത്താല്‍ തന്റെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കണമെന്നുമായിരുന്നു ഭുല്ലാറിന്റെ ഹര്‍ജിയിലെ പ്രധാന വാദം. ജസ്റ്റിസുമാരായ ജി എസ് സിങ്‌വി, എസ് കെ മുഖോപാധ്യായ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കേസില്‍ ടാഡ കോടതിയാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. ഇത് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.