Connect with us

National

ഹജ്ജ്: സഊദിയില്‍ താമസമൊരുക്കുന്നതിനുള്ള സമിതി പുനഃസംഘടിപ്പിക്കണം: സുപ്രീം കോടതി

Published

|

Last Updated

  • ജമാഅത്തിന് ഹജ്ജ് നയത്തില്‍ ഇടപെടാനാകില്ല
  • ജമാഅത്തേ ഇസ്ലാമി രാഷ്ട്രീയ പാര്‍ട്ടിയാണെന്നും കോടതി

10TH_SUPREME_COURT_1079055g

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഊദിയില്‍ സ്ഥിരം താമസ സൗകര്യം ഒരുക്കുന്ന സമിതി ഉടന്‍ പുനഃസംഘടിപ്പിക്കണമെന്ന് സുപ്രീം കോടതി. ദീര്‍ഘകാല താമസം ഒരുക്കുന്നതില്‍ അഴിമതിയും നിക്ഷിപ്ത താത്പര്യവും ഉണ്ടാകാമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. ഒരു വനിത ഉള്‍പ്പെടെ മൂന്ന് സര്‍ക്കാര്‍ ഇതര അംഗങ്ങളെ ചേര്‍ത്ത് സമിതി പുനഃസംഘടിപ്പിക്കണമെന്ന് ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ ബഞ്ച് കേന്ദ്ര സര്‍ക്കാറിന് നിര്‍ ദേശം നല്‍കി. ഹജ്ജ് സര്‍വീസ് നടത്തുന്ന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളാക്കി തിരിച്ച സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ക്വാട്ട അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാറും ഓപറേറ്റര്‍മാരും തമ്മില്‍ ധാരണയിലെത്തി.
സമിതി പുനഃസംഘടിപ്പിക്കാത്തത് അതീവ ഗൗരവകരമായാണ് കാണുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്‌സണെ നിയമിക്കാത്തതിനും കോടതി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു.
ടൂര്‍ ഓപറേറ്റര്‍മാര്‍ക്കുള്ള നിബന്ധനകള്‍ ഇളവ് ചെയ്ത് മതസംഘടനകള്‍ക്ക് ഹജ്ജിന് സൗകര്യമൊരുക്കണമെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആവശ്യം കോടതി തള്ളി. ഹജ്ജ് നയത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം തള്ളിയത്.
വിദേശകാര്യ മന്ത്രാലയത്തിലെ ഹജ്ജ് ആന്‍ഡ് ഗള്‍ഫ് ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി, സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ തുടങ്ങി 22 പേര്‍ ഉള്‍പ്പെടുന്നതാണ് താമസ സൗകര്യം ഒരുക്കുന്ന സമിതി. ഇതില്‍ 15 പേരെ നിയമിച്ചു കഴിഞ്ഞതായും ഇനി ഏഴ് പേരെ കൂടി ഉള്‍പ്പെടുത്തുമെന്നും അറ്റോണി ജനറല്‍ ജി ഇ വഹന്‍വതി കോടതിയെ അറിയിച്ചു. നിയമങ്ങളറിയുന്ന ഒരു സഊദി അഭിഭാഷകനെ സഹായത്തിന് ഏര്‍പ്പെടുത്തിയ കാര്യവും അദ്ദേഹം കോടതിയെ അറിയിച്ചു.
സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കുള്ള നയത്തില്‍ രണ്ട് കാറ്റഗറിയായാണ് തിരിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചുരുങ്ങിയത് ഏഴ് വര്‍ഷമെങ്കിലും ഹജ്ജ് സര്‍വീസ് നടത്തുന്നവരാണ് ആദ്യ കാറ്റഗറി. സ്വകാര്യ ഓപറേറ്റര്‍മാര്‍ക്ക് ആകെയുള്ള 45,000 സീറ്റില്‍ 70 ശതമാനം ഇവര്‍ക്കു ലഭിക്കും. അഞ്ച് വര്‍ഷത്തിലധികമായി ഉംറ നടത്തുന്നവരും ഏഴ് വര്‍ഷത്തില്‍ താഴെയായി ഹജ്ജ് സര്‍വീസ് നടത്തുന്നവരും രണ്ടാം കാറ്റഗറിയിലാണ് വരിക. ശേഷിക്കുന്ന 30 ശതമാനം ക്വാട്ട ഈ ഗണത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കും.
ചുരുങ്ങിയത് പത്ത് വര്‍ഷം മുമ്പെങ്കിലും രജിസ്റ്റര്‍ ചെയ്ത് തുടര്‍ച്ചയായി ഹാജിമാരെ കൊണ്ടു പോകുന്ന ട്രാവല്‍ ഏജന്‍സികളെ ഒന്നാം കാറ്റഗറിയിലും ഒന്ന് മുതല്‍ ഒമ്പത് വര്‍ഷം വരെ ഹജ്ജ് തീര്‍ഥാടനം നടത്തിയവരെയും 50ല്‍ കുറയാത്ത തീര്‍ഥാടകരുമായി ചുരുങ്ങിയത് അഞ്ച് തവണ ഉംറ സര്‍വീസ് നടത്തിയവരെ രണ്ടാം കാറ്റഗറിയിലും ഉള്‍പ്പെടുത്തുമെന്നാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിനെതിരെ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ ഫോര്‍മുല.
ഒരാള്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമെ സ്വകാര്യ ഓപറേറ്റര്‍മാര്‍ വഴി ഹജ്ജിന് പോകാന്‍ കഴിയൂ. ചുരുങ്ങിയത് 150 പേരെയെങ്കിലും ഓപറേറ്റര്‍മാരുടെ സംഘത്തിലുണ്ടാകണം എന്നീ രണ്ട് ഭേദഗതികള്‍ കൂടിഹജ്ജ് നയത്തില്‍ വരുത്തിയതായി വഹന്‍വതി കോടതിയെ അറിയിച്ചു.