കൈക്കൂലി വാങ്ങുന്നതിനിടയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ അറസ്റ്റില്‍

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 12:47 am

കൊല്ലം:റേഷന്‍ ഡീലര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ സപ്ലൈ ഓഫീസറെ ഒരു ലക്ഷം രൂപ സഹിതം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ഉണ്ണിക്കൃഷ്ണനെയാണ് ഇന്നലെ വൈകീട്ട് ആറോടെ സ്വകാര്യ ലോ ഡ്ജില്‍ നിന്ന് ദക്ഷിണമേഖലാ വിജിലന്‍സ് എസ് പി. എസ് എസ് ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പത്തനാപുരം താലൂക്കിലെ റേഷന്‍ ഡീലര്‍മാരില്‍ നിന്നു മാസപ്പടി കൈപ്പറ്റുന്നതായ വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് സപ്ലൈ ഓഫീസ് വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകീട്ട് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍ നിന്നും വിജിലന്‍സ് അധികൃതര്‍ ഒരു ലക്ഷം രൂപ കണ്ടെത്തി. റെയ്ഡിന് സി ഐമാരായ സിനി ഡെന്നിസ്, പ്രദീപ്കുമാര്‍, ഷൈനു തോമസ്, ഗോപകുമാര്‍, എസ് ഐമാരായ ജയകുമാര്‍, മദനന്‍പിള്ള, എ എസ് ഐമാരായ ജോണ്‍, ശിവപ്രസാദ്, എസ് സി. പി ഒമാരായ നജീബ്, രഘു, സുധീഷ്, ജേക്കബ്, രഘു, ഷെറീഫ്, തോമസ്, ഷാഫി എന്നിവരും പങ്കെടുത്തു.