കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടഎസ് ശ്രീലാല്‍നം വ്യാപകം

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 12:30 am

തിരുവനന്തപുരം:നിയമം മൂലം നിരോധിച്ചിട്ടും കേരളത്തില്‍ കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും ബാലവേലയും നിര്‍ബാധം തുടരുന്നു. തിരക്കേറിയ നഗരപ്രദേശങ്ങളിലും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. നിയമം നടപ്പിലാക്കുന്നതിനോ ഇത്തരം കുട്ടികളുടെ പുനരധിവാസത്തിനോ അധികൃതര്‍ മുന്‍കൈയെടുക്കുന്നില്ല.

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമാണ് കുട്ടി ഭിക്ഷാടകരേറെ. പമ്പയില്‍ നിന്ന് ശബരിമലയിലേക്കുള്ള കാനന പാതയിലുള്‍പ്പെടെ അന്യ സംസ്ഥാനക്കാരായ നിരവധി കുട്ടികളെ ഉപയോഗിച്ച് ഏജന്റുമാര്‍ ഭിക്ഷാടനം നടത്തുന്നത് പതിവ് കാഴ്ചയാണ്. ഈ കുട്ടികളിലേറെയും മൂന്നിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. പല കുട്ടികള്‍ക്കും തങ്ങള്‍ എവിടെ നിന്ന് വന്നെന്നോ ഇവിടേക്ക് എത്തിച്ചവര്‍ ആരെന്ന് പോലുമോ അറിയില്ല. ഭിക്ഷ നല്‍കുന്നവര്‍ എന്തെങ്കിലും ചോദിച്ചാല്‍ മുഖം തിരിച്ച് നടക്കുകയോ പരസ്പര വിരുദ്ധമായ മറുപടി നല്‍കുകയോ ചെയ്യുന്നു.
ഒക്കത്തേറിയ ചെറിയ കുട്ടികളായും മുഖത്തും നെറ്റിയിലും മുറിവേറ്റ നിലയിലുമാണ് ചില കുട്ടികള്‍. തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭിക്ഷാടനം നടത്തുന്ന ഇവര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല. ഇത്തരത്തില്‍ സംസ്ഥാനത്ത് തിരക്കേറിയ പ്രദേശങ്ങളില്‍ ബാലഭിക്ഷാടനം ഇപ്പോഴും സജീവമാണ്.
ഭിക്ഷ യാചിച്ച് കിട്ടുന്ന പണം ആരാണ് ഇവരില്‍ നിന്ന് ദിവസവും വാങ്ങുന്നതെന്ന് ഇവര്‍ക്കറിയില്ല. കാരണം ഇവര്‍ക്ക് വേണ്ടത് പണമല്ല ഒരു നേരത്തെ വിശപ്പടക്കുന്നതിനുള്ള ആഹാരമാണ്.
നെറ്റിയില്‍ നിന്ന് ചോര പൊടിഞ്ഞു നില്‍ക്കുന്ന കുട്ടികള്‍ക്ക് ചുറ്റും ആള്‍ക്കാര്‍ കൂടുമ്പോള്‍ ചിലര്‍ ആള്‍ക്കൂട്ടത്തിനിടയിലെത്തി കുട്ടിയുടെ നെറ്റിയിലെ ചോര തുടക്കുകയും അവനുമായി ആള്‍ക്കൂട്ടത്തിലേക്ക് മറയുകയും ചെയ്യുന്നു. ഇത് ചിലപ്പോള്‍ ഈ കുട്ടിയുടെ രക്ഷിതാവോ അല്ലങ്കില്‍ ഇവരെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുന്ന ഇടനിലക്കാരനോ ആകാം.
ഇത്രയധികം കുട്ടികളെ ഒരു പ്രദേശത്ത് ഭിക്ഷാടനത്തിനായി എത്തിക്കുന്നതിന് പിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അധികൃതരുടെ ശ്രദ്ധ ഈ ഭാഗത്തേക്ക് വേണ്ടവിധത്തില്‍ എത്തുന്നില്ല.