സാമ്പത്തിക പ്രതിസന്ധിക്കിടെ വൈദ്യുതി വകുപ്പിന് കിട്ടാനുള്ളത് കോടികള്‍

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 12:22 am

പാലക്കാട്:നിരക്ക് കുത്തനെ കൂട്ടി വൈദ്യുതി വകുപ്പ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ വന്‍കിടക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍. കാലവര്‍ഷം ചതിച്ചതിനെ തുടര്‍ന്ന് അണക്കെട്ടുകളിലെ ജലവിതാനം കുത്തനെ കുറഞ്ഞത് മൂലം വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതു മൂലം സംസ്ഥാനത്ത് കുടുതല്‍ സമയം പവര്‍ കട്ടും മറ്റും ഏര്‍പ്പെടുത്തി ജനജീവിതം ദുസ്സഹമാക്കിയും വൈദ്യുതി ചാര്‍ജ് കൂട്ടിയും ജനങ്ങളുടെ നട്ടെല്ലൊടിക്കാന്‍ വൈദ്യുതി വകുപ്പ് തീരുമാനങ്ങളെടുത്തിരിക്കവേയാണ് വന്‍കിടക്കാരുടെ കോടിക്കണക്കിന് രൂപ കുടിശ്ശിക പിരിക്കാതെയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ കുടിശ്ശിക ഇനത്തില്‍ 1309 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ടെന്ന് കെ എസ ്ഇ ബി അധികൃതര്‍ തന്നെ പറയുന്നു. 135 ഹൈടെന്‍ഷന്‍— എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ കെ എസ് ഇ ബിക്ക് 777 കോടി രൂപ നല്‍കാനുണ്ട്. ഇതില്‍ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. 149 കോടി രൂപ നല്‍കാനുള്ള കേരള വാട്ടര്‍ അതോറിറ്റിയാണ് കെ എസ് ഇ ബിയുടെ ഏറ്റവും വലിയ കടക്കാര്‍. കുടിശ്ശിക നല്‍കാനുള്ള മറ്റ് പ്രമുഖ സ്ഥാപനങ്ങള്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് 90 കോടി, ഓട്ടോകാസ്റ്റ് 47കോടി, ഹൈടെക് ഇലക്ട്രോ തെര്‍മിക് 45 കോടി, ഇന്‍ഡസ് ഇന്‍ ഇലക്ട്രോ മില്‍സ് 45കോടി , ട്രാവന്‍കൂര്‍ റയോണ്‍സ് 42 കോടി, ബിനാനി സിങ്ക് 41 കോടി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് 37 കോടി, പി കെ റീ റോളിംഗ് മില്‍സ് 13 കോടി, ശ്രീലക്ഷി ഇലക്ട്രോ 13 കോടി, മലബാര്‍ സിമെന്റ്‌സ് 12.95 കോടി, ടാറ്റാ ടീ 11.65 കോടി, കോയന്‍കോ 11. 24 കോടി, എക്‌സല്‍ ഗ്ലാസ്സ് ഫാക്ടറി 10.75 കോടി.
ഇതില്‍ ഹൈടെക് ഇലക്‌ട്രോ തെര്‍മിക്‌സ് ആന്‍ഡ് ഹൈഡ്രോ പവര്‍ എന്ന കമ്പനി പൂട്ടിപ്പോയതിനാല്‍ ഈ തുക തിരിച്ചു കിട്ടാനുള്ള സാധ്യത പോലുമില്ല. കുടിശ്ശിക പണം തിരിച്ച് പിടിക്കുന്നതിനായി വൈദ്യുതിബന്ധം വിച്ഛേദിക്കുക, വൈദ്യുതിബന്ധം വിച്്‌ഛേദിച്ച് 6 മാസം കഴിഞ്ഞിട്ടും കുടിശ്ശിക അടക്കാത്തവരുടെ പേരില്‍ റവന്യൂ റിക്കവറി നടത്തുക, കോടതി വ്യവഹാരങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുക എന്നീ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്ന് കെ എസ് ഇ ബി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഈ കമ്പനികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സാധാരണ ജനങ്ങള്‍ വൈദ്യുതി ചാര്‍ജ് അടക്കാതെയിരുന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ വൈദ്യുതി വിച്ഛേദിക്കുന്ന വൈദ്യുതി വകുപ്പ് സംസ്ഥാന സര്‍ക്കാറിന് കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്.
വന്‍കിട കമ്പനികളില്‍ കുടിശ്ശിക വരുത്തുന്നതിന് പുറമെ വൈദ്യുതി മോഷണവും നടക്കുന്നുണ്ട്. കഞ്ചിക്കോട് മേഖലയില്‍ വന്‍തോതില്‍ വൈദ്യുതി ഉപഭോഗമുള്ള ഇരമ്പുരുക്ക് കമ്പനികള്‍ മീറ്ററുകള്‍ നിര്‍ത്തിവെച്ചാണ് മോഷണം നടത്തുന്നത്. പലപ്പോഴും ഇതിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ മോഷ്ടാക്കളെ വൈദ്യുതി വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗം മുന്‍കൂട്ടി വിവരം അറിയിച്ച് പരിശോധന നടത്തുകയാണ് പതിവ്. പരിശോധിക്കാനെത്തുമ്പോള്‍ മീറ്ററുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുന്നുവെന്നതാണ് വിരോധാഭാസം.

ALSO READ  ഓഹരി വില്‍പ്പനയിലൂടെ 4000 കോടി സമാഹരിക്കാന്‍ ഇന്‍ഡിഗോ