Connect with us

Kasargod

പതാകജാഥ കാസര്‍കോട്ട് നിന്ന് നാളെ പ്രയാണം ആരംഭിക്കും

Published

|

Last Updated

കാസര്‍കോട്: എറണാകുളം രിസാല സ്‌ക്വയറില്‍ ഈ മാസം 26 മുതല്‍ 28 വരെ നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ സംസ്ഥാന പതാകജാഥ നാളെ കാസര്‍കോട് നിന്ന് പ്രയാണമാരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍നിന്ന് രണ്ട് പതാക ജാഥകളാണ് നാളെ പുറപ്പെടുന്നത്. നാളെ രാവിലെ 8.30 ന് പുത്തിഗെ മുഹിമ്മാത്ത് നഗര്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിനു ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫറിന് പതാക കൈമാറും. കട്ടത്തടുക്ക ആരിക്കാടി വഴി ദേശീയ പാതയിലൂടെ ജാഥ ഉച്ചക്ക് 3 മണിക്ക് തളങ്കരയില്‍ എത്തിച്ചേരും. തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തിന് ശേഷം നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍റസാഖ് സഖാഫിക്ക് പതാക കൈമാറും. പ്രഥമ ദിവസം പദയാത്ര വൈകീട്ട് 7 മണിക്ക് ബേക്കലില്‍ സമാപിക്കും. രണ്ടാം ദിവസം രാവിലെ 9 ന് ബേക്കലില്‍നിന്ന് ആരംഭിച്ച് വൈകീട്ട് അഞ്ച് മണിക്ക് വെള്ളൂരില്‍ കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ പതാകയെ വരവേല്‍ക്കും. അഞ്ഞൂറിലധികം ഗ്രീന്‍, വൈറ്റ്, ബ്ലൂ ഐ ടീം കേഡറ്റുകള്‍ ജാഥയെ അനുഗമിക്കും.
സംസ്ഥാനത്തെ നാല്‍പ്പത് കേന്ദ്രങ്ങളില്‍നിന്ന് പുറപ്പെടുന്ന പതാക ജാഥകള്‍ 19 ന് എറണാകുളത്ത് സംഗമിക്കും. 20 ന് എസ് എസ് എഫിന്റെ നാല്‍പ്പത് മുന്‍കാല സാരഥികള്‍ ചേര്‍ന്ന് ഒരേ സമയം നാല്‍പ്പത് പതാക ഉയര്‍ത്തും.
രാഷ്ട്ര സ്വാതന്ത്ര്യത്തിന് പടപൊരുതിയ ധീരദേശാഭിമാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, മരക്കാര്‍ ശഹീദ്, മമ്പുറം തങ്ങള്‍, മഖ്ദൂമുമാര്‍ തുടങ്ങിയവരുടെ ചരിത്ര ഭൂമികയില്‍ നിന്നും പ്രസ്ഥാനത്തിന്റെ മുന്‍കാല സാരഥികളുടെ അന്ത്യവിശ്രമ കേന്ദ്രങ്ങളില്‍നിന്നുമാണ് പതാകകള്‍ കൊണ്ടുവരുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ 40 സമുന്നതര്‍ കൈമാറുന്ന 40 ാം വാര്‍ഷിക സമ്മേളനത്തെ സൂചിപ്പിക്കുന്ന 40 പതാകകളാണ് 40 ചരിത്രപ്രധാന നഗരികളില്‍ നിന്ന് കാല്‍നടയായി എറണാകുളത്ത് എത്തിക്കുന്നത്.
സമ്മേളനത്തിന്റെ ബഹുമുഖ പദ്ധതികള്‍ വിവിധ ജില്ലകള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. പതിനായിരം പ്രതിനിധികളുടെ മൂന്ന് ദിവസത്തെ ഭക്ഷ്യവിഭവങ്ങള്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ് സമാഹരിക്കുന്നത്.
ഐ ടീം സംഗമങ്ങള്‍, റാലികള്‍, സമരഘോഷം, സന്ദേശ യാത്ര, കുട്ടികളുടെ സമ്മേളനം, കൊടിയേറ്റം, ജലയാത്ര, പെട്ടി സമ്മേളനം, പഞ്ചസാര ശേഖരണം, ഒറ്റയാള്‍ പ്രകടനം, രണ്ടാള്‍ പ്രകടനം, ഭാരവാഹി പ്രകടനം, ബസ് പ്രസംഗം തുടങ്ങിയവ സമ്മേളന പ്രചാരണ രംഗത്ത് വേറിട്ട അനുഭവമായി.
അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മാധ്യമ പ്രമുഖര്‍, സാംസ്‌കാരിക നായകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും.
പത്രസമ്മേളനത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, സി എന്‍ ജഅ്ഫര്‍, അബ്ദുര്‍റഹീം സഖാഫി, സിദ്ദീഖ് പൂത്തപ്പലം, അശ്‌റഫ് കരിപ്പോടി സംബന്ധിച്ചു.