Connect with us

National

പ്രതിച്ഛായാ നിര്‍മാണത്തിന് വ്യവസായി സംഘടനകളെ സമര്‍ഥമായി ഉപയോഗിച്ച് മോഡി

Published

|

Last Updated

NARENDRA_MODI__1421345g

ഡല്‍ഹിയില്‍ ഫിക്കിയുടെ പരിപാടിയില്‍ സംസാരിക്കുന്ന മോഡി

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്റെ പ്രതിച്ഛായാ നിര്‍മാണത്തിന് വന്‍കിട വ്യവസായികളുടെ സംഘടനകളുമായുള്ള സൗഹൃദ ബന്ധം സമര്‍ഥമായി ഉപയോഗിക്കുന്നുവെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഒഡീഷ, ഗുജറാത്ത് ചേംബര്‍ ഓഫ് കോമേഴ്‌സുകള്‍ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ തന്റെ പ്രധാനമന്ത്രി മോഹം മോഡി തുറന്നു പറഞ്ഞിരുന്നു. നാല് ദിവസം മുമ്പ് സി ഐ ഐ ആഭിമുഖ്യത്തില്‍ നടന്ന മറ്റൊരു ചടങ്ങിലും മോഡി രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. ഇന്നലെ ഫിക്കിയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ വനിതാ ശാക്തീകരണത്തില്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച മോഡി, താന്‍ ദൗര്‍ബല്യങ്ങളും പരിമിതികളും ഉള്ള വ്യക്തിയാണെന്ന് ഏറ്റുപറയാനും തയ്യാറായി. കോണ്‍ഗ്രസിന്റെത് വികസനവിരുദ്ധ നയങ്ങളാണെന്ന് കുറ്റപ്പെടുത്താനും മോഡി അവസരം വിനിയോഗിച്ചു.
“എല്ലാവര്‍ക്കും ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടാകും. എനിക്കും അത്തരം പരിമിതികള്‍ ഉണ്ട്. പക്ഷേ എനിക്ക് അത് മനസ്സിലാക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ചുറ്റും നില്‍ക്കുന്നവരാണ് അത് ചൂണ്ടിക്കാണിക്കേണ്ടത്. ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകള്‍ ഇതിനായി ഉപയോഗിക്കാം” – വനിതകളുമായുള്ള ചര്‍ച്ചാ വേദിയില്‍ മോഡി പറഞ്ഞു. വനിതകളെ സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ ഇനിയും ഏറെ ചെയ്യാനുണ്ട്. ഗുജറാത്തിലെ ഗ്രാമീണ സ്ത്രീകള്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. കലാവതിയെപ്പോലെ ഗുജറാത്ത് സ്ത്രീ ആഘോഷിക്കപ്പെടുന്നില്ലെന്ന് മാത്രം- കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പാര്‍ലിമെന്റ് പ്രസംഗത്തില്‍ സൂചിപ്പിച്ച കലാവതിയെ പരാമര്‍ശിച്ച് മോഡി പറഞ്ഞു.
ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ കുഴികള്‍ നികത്തി വികസനത്തിന്റെ വഴി സുഗമമാക്കാനാണ് 2001 മുതല്‍ താന്‍ ശ്രമിക്കുന്നതെന്ന് അവകാശപ്പെട്ട മോഡി രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും പരോക്ഷമായി വിമര്‍ശിച്ചു. തന്റെ ഡല്‍ഹി മോഹത്തെക്കുറിച്ച് ഇത്തവണ അദ്ദേഹം ഒന്നും പറഞ്ഞില്ല. ഡല്‍ഹിയിലെ അധികാര കേന്ദ്രത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് സദസ്യരിലൊരാള്‍ ചോദിച്ചപ്പോള്‍ നിറഞ്ഞ ചിരിയോടെ മോഡി ഒഴിഞ്ഞുമാറുകയായിരുന്നു.
കോര്‍പറേറ്റ് ലോകത്തിന് പ്രിയങ്കരനായ വ്യക്തിയെന്ന പ്രതിച്ഛായ മോഡി ഇതിനകം നേടിയെടുത്തിട്ടുണ്ട്. ഗുജറാത്ത് നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കാനായി സംഘടിപ്പിച്ച നിക്ഷേപക സംഗമങ്ങളിലെല്ലാം മോഡിയെത്തന്നെ വിജയകരമായ ബ്രാന്‍ഡായി അവതരിപ്പിക്കാനാണ് ചുറ്റുമുള്ളവര്‍ ശ്രമിച്ചത്.
ഇതിനിടക്ക് അദ്ദേഹം കോര്‍പറേറ്റുകളുടെ കൈയടി വാങ്ങുന്നത് വഴിവിട്ട ഇളവുകളിലൂടെയാണെന്ന് വിമര്‍ശം ശക്തമായിരിക്കുകയാണ്. 2012 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലേക്കായി സി എ ജി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മോഡി സര്‍ക്കാര്‍ നല്‍കിയ ചട്ടവിരുദ്ധ ഇളവുകള്‍ അക്കമിട്ട് നിരത്തിയിരുന്നു. മോഡി സര്‍ക്കാര്‍ ഖജനാവിന് 580 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കംപ്‌ട്രോളര്‍ ആര്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എസ്സാര്‍ സ്റ്റീല്‍, അദാനി പവര്‍ ലിമിറ്റഡ് എന്നിവയടക്കമുള്ള വന്‍കിട കമ്പനികള്‍ക്കാണ് കോടികളുടെ ഇളവുകള്‍ നല്‍കിയത്.