40 ഡിഗ്രി സെല്‍ഷ്യസ് കടന്നു

Posted on: April 9, 2013 6:00 am | Last updated: April 8, 2013 at 10:55 pm

പാലക്കാട്: പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. സംസ്ഥാന ശാസ്ത്ര സാഹിത്യ പരിഷത്തിനു കീഴിലുള്ള മുണ്ടൂര്‍ ഐആര്‍ടിസിയില്‍ ഇന്ന് 40.5 ഡിഗ്രി താപനില രേഖപ്പെടുത്തി. മലമ്പുഴയില്‍ 39.4 ഡിഗ്രിയായിരുന്നു ഇന്നത്തെ താപനില.കഴിഞ്ഞ ഒരാഴ്ചയായി പാലക്കാട് ജില്ലയില്‍ നാല്‍പ്പത് ഡി ഗ്രി സെഷ്യല്‍സ് ആയിരുന്നു ചൂട്. എന്നാല്‍ അതിപ്പോള്‍ കടക്കുന്നത് ആദ്യമായാണ്. ജില്ലയില്‍ ഇത് വരെ അനുഭവപ്പെടാത്ത ചൂടാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനകം പത്തോളം പേര്‍ വെയിലിന്റെ ആഘാതം താങ്ങാനാവാതെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ഇരുപതോളം പേര്‍ക്ക് സൂര്യാഘാതത്താല്‍ പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമാണ് അനുഭവപ്പെടുന്നത്. അണക്കെട്ടുകളെല്ലാം വറ്റി വരണ്ടതോടെ പലപ്രദേശങ്ങളിലും കുടിവെള്ള വിതരണവും താറു മാറായിരിക്കുകയാണ്. വേനല്‍മഴ ഇനിയും ലഭിക്കാത്ത പക്ഷം ജില്ല രൂക്ഷമായ വരള്‍ച്ചയിലേക്ക് നീളുമെന്നാണ് സൂചന.