Connect with us

Ongoing News

കേരളത്തിന്റെ 17000 കോടിയുടെ പദ്ധതി അടങ്കലിന് ആസൂത്രണ ബോര്‍ഡ് അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം:കേരളത്തിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി അടങ്കല്‍ 17,000 കോടി രൂപയായി ആസൂത്രണ കമ്മീഷന്‍ നിശ്ചയിച്ചു. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പദ്ധതി അടങ്കലില്‍ 21.34 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം 4000 കോടി രൂപയാണ്.മൃഗസംരക്ഷണ മേഖലയില്‍ 23 ശതമാനത്തിന്റെയും ക്ഷീരവികസന രംഗത്ത് 36 ശതമാനത്തിന്റെയും വര്‍ധനവുണ്ട്. ന്യൂനപക്ഷ പിന്നാക്ക മേഖലയുടെ ക്ഷേമത്തിനും റോഡുകള്‍ക്കും പാലത്തിനുമുള്ള വിഹിതത്തിലും കാര്യമായ വര്‍ധനയുണ്ട്. പഴയ കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മല്‍ ഭാരത് അഭിമാന്‍ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കും. കൂടുതല്‍ നൈറ്റ് ഷെല്‍ട്ടറുകളും നഗരങ്ങളില്‍ ഗ്യാസ് ശ്മശാനങ്ങളും നിര്‍മിക്കും. കാസര്‍കോട് പാക്കേജിനും പണം നീക്കിവെക്കും. കെ എസ് ടി പിയുടെ രണ്ടാം ഘട്ടം, കൊച്ചി മെട്രോ, തിരുവനന്തപുരം കോഴിക്കോട് മോണോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം, മൊബിലിറ്റി ഹബ്, വിഴിഞ്ഞം തുറമുഖ പദ്ധതി, തലസ്ഥാന വികസന പദ്ധതി, ജില്ലാ ആസ്ഥാനങ്ങളുടെ വികസനത്തിന് പ്രത്യേക പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.സാങ്കേതിക പരിജ്ഞാനം ഉയര്‍ത്തല്‍, തൊഴില്‍ വൈദഗ്ധ്യ വികസനം തുടങ്ങിയവക്ക് ഊന്നല്‍ നല്‍കും. കൊച്ചി-പാലക്കാട് നിംസും കൊച്ചി പെട്രോകെമിക്കല്‍ നിക്ഷേപ പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരി ഹൈടെക് പാര്‍ക്ക്, കൊച്ചി സീ പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ്, തുറമുഖ വികസന പദ്ധതികള്‍, ബയോമെട്രിക് പൊതുവിതരണ സമ്പ്രദായം എന്നിവയാണ് മറ്റു പ്രധാന പദ്ധതികള്‍.നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വളര്‍ച്ച 9.58 ശതമാനമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിദ്യാര്‍ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികളിലായി 75 കോടി രൂപ നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ വായ്പ പ്രയോജനപ്പെടുത്തി ധാരാളം യുവജനങ്ങള്‍ അവരുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ വായ്പയുടെ പലിശ ഉയര്‍ന്ന തലത്തിലാണ്. ഈ പലിശ കുറക്കാന്‍ ആസൂത്രണ കമ്മീഷന്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രായമേറിയവരുടെ ജനസംഖ്യ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നത് ഉത്കണ്ഠ ജനിപ്പിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗങ്ങളും സാംക്രമിക രോഗങ്ങളും ആരോഗ്യ രംഗം നേരിടുന്ന പുതിയ വെല്ലുവിളികളാണ്. ജനറിക് ഔഷധങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം ഉചിതമാണ്. എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനായി അടുത്ത ഘട്ടത്തില്‍ ശ്രമിക്കും. ആരോഗ്യത്തിനുള്ള അവകാശം എല്ലാ പൗരന്മാരുടെയും നിയമപരമായ അവകാശമാക്കും.

പലിശരഹിത വായ്പ കാര്‍ഷിക മേഖലയില്‍ ലഭ്യമാക്കിയാല്‍ ഈ മേഖലയിലെ വളര്‍ച്ചാ മുരടിപ്പ് കുറക്കാന്‍ കഴിയും. യഥാര്‍ഥ കര്‍ഷകര്‍ക്ക് ഏഴ് ശതമാനം നിരക്കില്‍ കാര്‍ഷിക വായ്പ നല്‍കുന്നതിന് നബാര്‍ഡ് പണം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സഊദി അറേബ്യയില്‍ നിന്നും അവിടെ ജോലി ചെയ്തിരുന്ന കേരളീയര്‍ കൂട്ടത്തോടെ വരുന്നത് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരെ പുനരധിവസിപ്പിക്കുന്നതിന് പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്രത്തില്‍ നിന്ന് സഹായം ആവശ്യമാണ്. ഇങ്ങനെ തിരിച്ചുവരുന്നവര്‍ക്ക് പലിശയില്ലാത്ത പത്ത് ലക്ഷം രൂപയുടെ വായ്പ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഇതിലെ പലിശ ഘടകം സബ്‌സിഡിയായി സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകള്‍ വഹിക്കണം. പത്ത് ലക്ഷത്തിനും 25 ലക്ഷത്തിനും ഇടക്ക് വായ്പ ആവശ്യമുള്ളവര്‍ക്ക് കൃഷിക്കും മറ്റു മുന്‍ഗണനാ മേഖലകള്‍ക്കും നല്‍കുന്ന പലിശ സബ്‌സിഡി ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

Latest