നഗരസഭ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ റോഡുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി മുനീര്‍

Posted on: April 8, 2013 10:26 am | Last updated: April 8, 2013 at 10:26 am

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റത്തവണ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നഗരത്തിലെ റോഡുകളുടെ ഉദ്ഘാടനം സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിച്ചു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന അഞ്ചോളം പദ്ധതികള്‍ നഗരത്തില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു. നഗരസഭ ആവശ്യപ്പെടുകയാണെങ്കില്‍ നഗരത്തിലെ കൂടുതല്‍ റോഡുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുഷ്പ ജംഗ്ഷന്‍- റെയില്‍വേ സ്റ്റേഷന്‍- മോഡല്‍ സ്‌കൂള്‍ റോഡ്, ആനിഹാള്‍ റോഡ്, പട്ടാളപ്പള്ളി ജംഗ്ഷന്‍- ടൗണ്‍ഹാള്‍ റോഡ്, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, ശ്രീകണ്‌ഠേശ്വര ക്ഷേത്രം റോഡ്, കോര്‍ട്ട് റോഡ്, ചെറൂട്ടി റോഡ്, സില്‍ക്ക് സ്ട്രീറ്റ്- കോര്‍പറേഷന്‍-മൂന്നാലിങ്ങല്‍ റോഡ് എന്നിവയാണ് നവീകരിച്ച റോഡുകള്‍. ഒറ്റത്തവണ പരിപാലന പദ്ധതി പ്രകാരം കോര്‍പറേഷന്‍ പരിധിയിലെ റോഡുകള്‍ക്കായി 40 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത എട്ട് റോഡുകളാണ് നവീകരിച്ച് ഗതാഗത യോഗ്യമാക്കിയത്. മൊത്തം 6.15 കി. മീറ്റര്‍ നീളം വരുന്ന ഈ റോഡുകള്‍ക്കായി എട്ട് കോടി രൂപയാണ് ചെലവായത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്കായിരുന്നു ടെന്‍ഡര്‍ നല്‍കിയത്.
ചാലപ്പുറം, പുതിയപാലം എന്നിവിടങ്ങളില്‍ റോഡ് നവീകരണത്തിന് 7.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സീവേജ് പ്രവൃത്തി നടക്കുന്നതുകൊണ്ട് ഇവിടെ പ്രവൃത്തി തുടങ്ങാന്‍ വൈകുമെന്നും അതിനാല്‍ പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചതായും മന്ത്രി അറിയിച്ചു.
മേലെ പാളയം ജംഗ്ഷന് സമീപം നടന്ന ഉദ്ഘാടന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്‍ ലത്വീഫ്, ജില്ലാ കലക്ടര്‍ കെ വി മോഹന്‍കുമാര്‍, അഡ്വ. എം ടി പത്മ, എ കെ ചന്ദ്രന്‍ മാസ്റ്റര്‍, എം മോഹനന്‍, കെ മൊയ്തീന്‍ കോയ, കെ പി അബ്ദുല്ലക്കോയ, സി ടി സക്കീര്‍, എന്‍ വി ബാബുരാജ്, പി എന്‍ ശശികുമാര്‍, ഒ രമേശന്‍, പി ടി സന്തോഷ് കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.