Connect with us

Kerala

ചിറ്റൂരിലും വന്‍ ഭൂഗര്‍ഭജല ചൂഷണം

Published

|

Last Updated

പാലക്കാട്:ചിറ്റൂരിലും പ്ലാച്ചിമട മോഡല്‍ ഭൂഗര്‍ഭ ജലചൂഷണത്തിന് കളമൊരുങ്ങുന്നു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ജലം ലഭിക്കാതെ ചിറ്റൂര്‍ മേഖല വറ്റി വരണ്ടുകൊണ്ടിരിക്കുമ്പോഴാണ് പ്രതിദിനം നാലര ലക്ഷം ലിറ്റര്‍ ജലമൂറ്റാന്‍ സ്വകാര്യ കുപ്പിവെള്ള പ്ലാന്റിന് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്.

എ ബി ടി ഫ്രൂട്ട് ജൂസ് എന്ന കമ്പനിക്കാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ജലമൂറ്റലിന് അനുമതി നല്‍കിയത്. 2013 മാര്‍ച്ച് 26ന് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് യോഗത്തില്‍ എ ബി ടി ഫ്രൂട്ട് കമ്പനിക്കായി ഉടമ മഹാലിംഗം സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത് ഇങ്ങനെ; കൊഴിഞ്ഞാമ്പാറയില്‍ പൂട്ടിക്കിടക്കുന്ന ശ്രീമഹാഭഗവതി മില്‍ വാടകക്കെടുത്ത് പഴച്ചാറുകളും മിനറല്‍ വാട്ടറും ഉത്പാദിപ്പിക്കുന്ന പ്ലാന്റ് തുടങ്ങുന്നതിന് ഭൂഗര്‍ഭ ജലം ആവശ്യമാണ്. ഇതിനായി 728 കുതിരശക്തിയുള്ള മോട്ടോറും കുഴല്‍ക്കിണറും സ്ഥാപിക്കുന്നതിന് അനുമതി നല്‍കണം. ദിനംപ്രതി നാലര ലക്ഷം ലിറ്റര്‍ ജലമാണ് എ ബി ടി ഫ്രൂട്ട് പ്ലാന്റിന് ആവശ്യമുള്ളത്.
കുഴല്‍ക്കിണര്‍ സ്ഥാപിക്കാനുള്ള കമ്പനി ഉടമയുടെ അപേക്ഷ പഞ്ചായത്ത് ഏകകണ്ഠമായി പാസാക്കി. പഞ്ചായത്ത് അനുമതി പ്രകാരം എ ബി ടി ഫ്രൂട്ട് കമ്പനി കുഴല്‍ക്കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.—കൊടുംവരള്‍ച്ചയില്‍ കുടിക്കാനും കൃഷി ആവശ്യത്തിനും വെള്ളമില്ലാത്ത ചിറ്റൂരില്‍ അതിശക്തമായ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ഊറ്റിയാല്‍ ഇവിടം മരുപ്രദേശമാകും. പ്ലാച്ചിമടയില്‍ സംഭവിച്ചതിന്റെ പതിന്മടങ്ങാകും ഇതിന്റെ വ്യാപ്തിയെന്ന് കര്‍ഷകര്‍ പറയുന്നു.
ഭൂഗര്‍ഭജലത്തിന് പുറമെ തമിഴ്‌നാട് പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വെള്ളം നല്‍കുന്ന ആര്‍ ബി കനാല്‍ജലം എ ബി ടി കമ്പനി ചോര്‍ത്തുന്നതായും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചിറ്റൂര്‍ അഞ്ചാം വയലില്‍ ആര്‍ ബി കനാല്‍ വഴിതിരിഞ്ഞ് കമ്പനിക്ക് ഉള്ളിലേക്കാണ് തിരിയുന്നത്. അമ്പത് മീറ്ററോളം കമ്പനിക്കുള്ളിലൂടെ കനാല്‍ ഒഴുകി പിറകുവശത്ത് കൂടി പുറത്തേക്ക് പോകും. ഈ വെള്ളമാണ് മോട്ടോര്‍ ഉപയോഗിച്ച് കമ്പനി ചോര്‍ത്തുന്നതത്രെ. കൃഷിക്കായി സെക്കന്‍ഡില്‍ 126 ക്യൂസെക്‌സ് വെള്ളം എന്ന കരാര്‍ പ്രകാരം തമിഴ്‌നാട് തുറന്നുവിടുന്ന വെള്ളം ഒരു രൂപ പോലും ചെലവില്ലാതെയാണ് കമ്പനി എടുക്കുന്നത്.
ജലചൂഷണം സംബന്ധിച്ച് കമ്പനി അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ആറ് മാസത്തിനകം പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കി ഉത്പാദനം ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ഇതോടെ, 728 കുതിരശക്തിയുള്ള കുഴല്‍ക്കിണറിനെ പ്രതിരോധിച്ച് ചിറ്റൂര്‍ പ്രദേശത്ത് പ്ലാച്ചിമട മാതൃകയില്‍ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

Latest