കാലിക്കറ്റ് ഇന്റര്‍സോണ്‍: ദേവഗിരി കിരീടത്തിലേക്ക്‌

Posted on: April 5, 2013 9:47 am | Last updated: April 5, 2013 at 9:47 am

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ 39 സ്റ്റേജിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 85 പോയിന്റുമായി ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് കിരീടത്തിലേക്ക്.
അമ്പത് പോയിന്റോടെ ഫാറൂഖ് കോളജും 47 പോയിന്റ് നേടി പാലക്കാട് ഗവ. വിക്‌ടോറിയ കോളജുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അഞ്ച് ദിനങ്ങളിലായി മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന കലോത്സവം ഇന്ന് സമാപിക്കും. പ്രധാനവേദിയായ എസ് കെ പൊറ്റക്കാട് നഗറില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് സമാപന ചടങ്ങ്.
സംഘനൃത്തം, നാടോടിനൃത്തം, മാപ്പിളപ്പാട്ട്, കോല്‍ക്കളി, ലളിതഗാനം, ഫോക്ക് ഓര്‍ക്കസ്ട്ര, ഗാനമേള, കഥകളി സംഗീതം, സംഘ മാപ്പിളപ്പാട്ട്, ദഫ് മുട്ട്, പൂക്കളം, വെസ്റ്റേണ്‍ ഗ്രൂപ്പ് സോംഗ്, വെസ്‌റ്റേണ്‍ വോക്കല്‍ സോളോ, ജാസ്, ട്രിപ്പിള്‍ ഡ്രം, കഥകളി, പെര്‍ക്യൂഷന്‍ ഈസ്റ്റേണ്‍ (തബല, പക്കവാദ്യം, മൃദംഗം, ഘടം, ഗഞ്ചിറ, ചെണ്ട, ഇടക്ക, മദ്ദളം), 2-സ്ട്രിംഗ് ഈസ്റ്റേണ്‍ (വയലിന്‍, വീണ), വിന്‍ഡ് ഈസ്റ്റേണ്‍(ഹാര്‍മോണിയം, പുല്ലാങ്കുഴല്‍), സ്ട്രിംഗ് വെസ്റ്റേണ്‍ (വയലിന്‍, ഗിറ്റാര്‍), 8- വിന്‍ഡ് വെസ്റ്റേണ്‍(ഹാര്‍മോണിയം, ക്ലാര്‍നെറ്റ്) തുടങ്ങിയ ഇനങ്ങളില്‍ ഇന്നലെ വിവിധ വേദികളിലായി മത്സരങ്ങള്‍ നടന്നു. പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് പൂക്കളമത്സരം അരങ്ങേറിയത്.