Connect with us

Gulf

വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളം ഒക്‌ടോബര്‍ 27ന് തുറക്കും

Published

|

Last Updated

ദുബൈ:2010 മുതല്‍ കാര്‍ഗോ സര്‍വീസ് ആരംഭിച്ച ദുബൈ വേള്‍ഡ് സെന്‍ട്രല്‍ ഇന്റര്‍നാഷനല്‍ എ യര്‍പോര്‍ട്ട് ഒക്‌ടോബര്‍ 27ന് യാത്രാ വിമാനങ്ങള്‍ ക്കായി തുറക്കും. ഈ വിമാനത്താവളം യാത്രാ വിമാനങ്ങള്‍ ക്കായി തുറക്കുന്നത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. തുടക്കത്തില്‍ രണ്ട് ബജറ്റ് എയര്‍ലൈനറുകളുടെ വിമാനങ്ങളാവും ഇവിടെ നിന്നും പറന്നുയരുകയെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.യൂറോപ്യന്‍ സെക്ടറില്‍ ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന വിസ് എയര്‍, സഊദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാസ് എയര്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനത്താവളമായി ഇത് മാറുമെന്നാണ് കരുതുന്നത്. പ്രതിവര്‍ഷം 16 കോടി യാത്രക്കാരാവും വിമാനത്താവളം ഉപയോഗപ്പെടുത്തുകയെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ വിമാനക്കമ്പനികള്‍ വിമാനത്താവളത്തിലേക്ക് മാറുന്നതോടെ നിലവിലെ ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എമിറേറ്റിന്റെ വിമാനങ്ങള്‍ക്ക് മാത്രമായി മാറ്റിവെക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും പ്രാവര്‍ത്തികമാകാന്‍ ഏതാനും വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.മേഖല നാളിതുവരെ ദര്‍ശിക്കാത്ത വന്‍ സജ്ജീകരണങ്ങളുമായാണ് വിമാനത്താവളം യാത്രാ വിമാനങ്ങളെ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങുന്നത്. നിര്‍മാണം ആരംഭിച്ചത് മുതല്‍ വിമാനത്താവളം മേഖലകളിലെ മാത്രമല്ല, രാജ്യാന്തര മാധമ്യമങ്ങളുടെയും ശ്രദ്ധ നേടിയിരുന്നു.ദുബൈയിലെ നിലവിലെ വിമാനത്താവളം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നതോടൊപ്പമാണ് പുതിയ അതിബൃഹത്തായ ഒരു വിമാനത്താവളം ഒരുങ്ങുന്നത്. എക്‌സ്‌പോ 2020നായി മത്സരിക്കുന്ന ദുബൈ നഗരത്തെ സംബന്ധിച്ചിടത്തോളം പുതിയ വിമാനത്താവളം നിര്‍ണായക ഘടകമാണ്. ലോക രാജ്യങ്ങളില്‍ പല തും 2020 എക്‌സ്‌പോ ദു ബൈക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതുകൂടി മുന്നില്‍ കണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശരവേഗത്തില്‍ പുരോഗമിക്കുന്നത്. ദുബൈയെ ലോക നഗരങ്ങള്‍ക്കിടയില്‍ ഒന്നാമതായി എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യവുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ, നിരന്തരമായ ഉത്സാഹമാണ് നഗരത്തിന് പേരും പെരുമയും നേടിക്കൊടുക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഏറ്റവും വലിയ ഹോട്ടല്‍ തുടങ്ങിയ നിരവധി റെക്കോര്‍ഡുകളാണ് അടുത്ത കാലത്തായി ദുബൈ കരസ്ഥമാക്കിയത്.

ശൈഖ് മുഹമ്മദിന്റെ ഭാവനാപൂര്‍ണമായ വികസന സങ്കല്‍പ്പങ്ങളും അത് നടപ്പാക്കിയെടുക്കുന്നതിലുള്ള നിതാന്ത പരിശ്രമവുമാണ് നഗരം പുരോഗതിയിലേക്ക് കുതിക്കുന്നതിന് താങ്ങും തണലുമായി വര്‍ത്തിക്കുന്നത്.