Connect with us

Editorial

ഗണേഷ് കുമാറിന്റെ സ്ഥാനത്യാഗം

Published

|

Last Updated

കെ ബി ഗണേഷ്‌കുമാറിന് രണ്ടാമതും മന്ത്രി സ്ഥാനം ത്യജിക്കേണ്ടി വന്നു. പിതാവ് ബാലകൃഷ്ണപ്പിള്ളക്ക് വേണ്ടിയായിരുന്നു ആദ്യത്തെ രാജിയെങ്കില്‍ തന്റെ പേരില്‍ പ്രചരിച്ച പരസ്ത്രീ ബന്ധത്തെച്ചൊല്ലിയുള്ള വാര്‍ത്തകളാണ് ഇപ്പോഴത്തെ രാജിക്ക് വഴിവെച്ചത്. ഇതോടെ ഗണേഷ് പ്രശ്‌നത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ മാസങ്ങളായി അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശമനമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഗണേഷ്‌കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രിക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ ഒരു മന്ത്രിയെ അവരുടെ ഭര്‍ത്താവ് മര്‍ദിച്ചതായി മാസങ്ങള്‍ക്ക് മുമ്പ് വന്ന ഒരു പത്രവാര്‍ത്തയും പ്രസ്തുത മന്ത്രി ഗണേഷ് കുമാറാണെന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലുമാണ് സംഭവങ്ങള്‍ക്ക് തുടക്കം. മന്ത്രി ഗണേഷ് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കഴിഞ്ഞ മാസം ആറിന് യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും വാര്‍ത്ത വന്നു. ഇതോടെ മന്ത്രിയുടെ രാജിക്ക് വേണ്ടി പ്രതിപക്ഷത്ത് നിന്നും കേരള കോണ്‍ഗ്രസ് ബിയിലെ ബാലകൃഷണപ്പിള്ള ഗ്രൂപ്പില്‍ നിന്നും മുറവിളിയായി. എന്നാല്‍ യാമിനി പരാതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച മുഖ്യമന്ത്രി, ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ദുഷ്ട ലാക്കോടെയാണെന്ന അഭിപ്രായത്തില്‍ അദ്ദേഹം രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മന്ത്രി ഷിബു ബേബിജോണ്‍ ഇടപെട്ട് ഗണേഷ്‌കുമാറിനും പിതാവ് ബാലകൃഷ്ണപ്പിള്ളക്കുമിടയിലെ പ്രശ്‌നം രമ്യതയിലെത്തിച്ചതോടെ പ്രശ്‌നം താത്കാലികമായി കെട്ടടങ്ങുകയും ചെയ്തു.
അതിനിടെ പിള്ള നിലപാട് മാറ്റി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും രംഗത്ത് വന്നതും, യാമിനിയുടെ പത്രസമ്മേളനവുമൊക്കെ ഏതോ ബാഹ്യ ശക്തികളുടെ ആസൂത്രിതമായ ചരടുവലികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പത്രസമ്മേളനത്തില്‍ അവര്‍ രൂക്ഷമായ വിമര്‍ശമാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയത്. നേരത്തെ പരാതി നല്‍കിയപ്പോള്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും അദ്ദേഹം തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് അവര്‍ കുറ്റപ്പെടുത്തിയത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഗണേഷ് കുമാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്നും യാമിനി ആരോപിക്കുന്നു. യാമിനി തന്നെ അക്രമിക്കുകയായിരുന്നുവെന്നാണ് ഗണേഷ് കുമാറിന്റെ പരാതി. അദ്ദേഹത്തിന്റെ പി എ ഇത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ആരെ വിശ്വസിക്കണം, ആരെ അവിശ്വസിക്കണമെന്നറിയാതെ അന്തം വിട്ടു നില്‍ക്കുകയാണ് പൊതുജനം. പാര്‍ട്ടിയിലെ ചേരിപ്പോരും കുടുംബ വഴക്കും കൂടിച്ചേര്‍ന്നപ്പോഴുണ്ടായ വിഴുപ്പലക്കലിനും പൊട്ടിത്തെറിക്കുമാണിപ്പോള്‍ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കക്ഷിരാഷ്ട്രീയം ദുഷിച്ചാല്‍ അതെത്ര്രത്തോളം ചീഞ്ഞുനാറുമെന്നതിന് ഉത്തമസാക്ഷ്യമായി വേണം ഈ പ്രശ്‌നത്തെ കാണാന്‍. യാമിനിയുടെ വാക്കുകളില്‍ ഗണേഷ് കുമാറിന് ഒരു സ്ത്രീയുമായി മാത്രമല്ല അവിഹിത ബന്ധം. തന്റെ സുഹൃത്തായ സ്തീയുമായുണ്ടെന്ന് പറയപ്പെടുന്ന ബന്ധം ഏറ്റവും പുതിയത് മാത്രമാണ്. ഇക്കാലമത്രയും മക്കളെയും കുടുംബത്തെയും ചൊല്ലി സഹിക്കുകയായിരുന്നുവത്രെ. എന്നാല്‍ അവര്‍ ക്ഷമ നശിച്ചു മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിക്കാന്‍ പാര്‍ട്ടിയിലെ പിള്ള-ഗണേഷ് പോര് മൂര്‍ച്ഛിക്കേണ്ടി വന്നു എന്നത് സന്ദേഹങ്ങള്‍ക്കിടം നല്‍കുന്നു. ചില ബാഹ്യ ശക്തികളുടെ സമ്മര്‍ദവും നിക്ഷിപ്ത താത്പര്യവുമാണ് അവരുടെ ഇപ്പോഴത്തെ പുറപ്പാടിന് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നുമുണ്ട്. അതേസമയം അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ മാതൃകാ ജീവിതം നയിക്കേണ്ടവരാണ്. ഗുരുതര ആരോപണം ഉയരുമ്പോള്‍ തന്റെ പരിശുദ്ധി തെളിയിക്കുന്നത് വരെ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതാണ് മാന്യത. പകരം എതു വിധേനയും അധികാര സ്ഥാനത്ത് തൂങ്ങിപ്പിടിച്ചു നില്‍ക്കാനുള്ള പ്രവണത ഭംഗിയല്ല. നേരത്തെ ആരോപണമുയര്‍ന്ന ഘട്ടത്തില്‍ തന്നെ രാജി സമര്‍പ്പിച്ചിരുന്നുവെങ്കില്‍ അതിന് തിളക്കമേറുമായിരുന്നു.
ഗാര്‍ഹിക പീഡന നിയമത്തിലെ കടുത്ത വ്യവസ്ഥകളും വധശ്രമം ഉള്‍പ്പെടെയുള്ളവയും ചേര്‍ത്താണ് ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയും പരസ്പരം കേസ് സമര്‍പ്പിച്ചതെങ്കിലും പ്രസ്തുത നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് പോലീസ് കേസെടുത്തത്. ഗാര്‍ഹിക പീഡന നിയമത്തിന്റെ ദുരുപയോഗം വ്യാപകമായ സാഹചര്യത്തില്‍ ഇത് സാധൂകരിക്കാകുന്നതുമാണ്. എന്നാല്‍ സാധാരണക്കാരന്റെ ഹരജികളില്‍ സ്ത്രീപക്ഷം നിന്ന് പുരുഷന്മാര്‍ക്കെതിരെ ഏറ്റവും കര്‍ക്കശമായ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുന്ന പോലീസ് ഈ സംഭവത്തില്‍ ഗണേഷിനെ രക്ഷിക്കാനുള്ള തത്രപ്പാടാണ് കാണിച്ചതെന്നും സര്‍ക്കാറില്‍ നിന്നുള്ള സമ്മര്‍ദമാണ് ഇതിന് പിന്നിലെന്നും സന്ദേഹിക്കാന്‍ സാധ്യതയുണ്ട്. ആളും അര്‍ഥവും നോക്കി കുറ്റാരോപിതരില്‍ വകുപ്പുകള്‍ ചാര്‍ത്തുന്ന പ്രവണത അവസാനിപ്പിച്ച് ഇക്കാര്യത്തില്‍ സാമൂഹിക സന്തുലിതാവസ്ഥ ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.

Latest