ജെ എസ് എസ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി

Posted on: April 2, 2013 5:59 am | Last updated: April 2, 2013 at 12:40 am

തിരുവനന്തപുരം: ഗൗരിയമ്മക്കെതിരെ മോശം പാരമര്‍ശം നടത്തിയ പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജെ എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. മാര്‍ച്ച്, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു സമീപം യുദ്ധ സ്മാരകത്തിനു മുന്നില്‍ പോലീസ് തടഞ്ഞു.
സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയ ശേഷം തിരിച്ചെത്തി ബാരിക്കേഡ് തകര്‍ത്ത് അകത്തേക്കു കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. പി സി ജോര്‍ജിന്റെ ചിത്രമടങ്ങിയ ഫഌക്‌സ് ബോര്‍ഡില്‍ സ്ത്രീകള്‍ ചൂലുകള്‍ കൊണ്ട് അടിക്കുകയും തുപ്പുകയും ചെയ്തു. ജോര്‍ജിന്റെ കോലവും കുറ്റിച്ചൂലുകളും കൂട്ടിയിട്ട് കത്തിച്ച പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ ചിത്രം പതിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകളിലെ തടിക്കഷ്ണങ്ങളും മറ്റും പോലീസിന് നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു. പോലീസ് ആദ്യം സംയമനം പാലിച്ചെങ്കിലും പിന്നീട് ലാത്തി വീശുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നാല് തവണ കണ്ണീര്‍ വാതകവും രണ്ട് തവണ ജലപീരങ്കിയും പ്രയോഗിച്ചു.
ജലപീരങ്കി പ്രയോഗത്തില്‍ ജെ വൈ എസ് സംസ്ഥാന പ്രസിഡന്റ് പാളയം സതീഷിന് പരുക്കേറ്റു. ജെ എസ് എസ് സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
വിപ്പ് നല്‍കാനുള്ള അധികാരം പോലുമില്ലാത്ത പി സി ജോര്‍ജ് അന്തസ്സുണ്ടെങ്കില്‍ സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജോര്‍ജിനെ മാറ്റണമെന്ന കാര്യത്തില്‍ യു ഡി എഫിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമാണ്. ജോര്‍ജിനെ ഇനിയും ചുമക്കാനാകില്ലെന്ന് കെ പി സി സി പ്രസിഡന്റിന് യു ഡി എഫ് ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ജോര്‍ജിന്റെ വിപ്പ് അംഗീകരിക്കേണ്ട എന്നാണ് പരസ്യമായി പറയുന്നത്.
ജോര്‍ജിനെ ഇപ്പോള്‍ സംരക്ഷിക്കുന്നവര്‍ സ്വയം അപമാനിതരാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എം എല്‍ എ. കെ കെ ഷാജു, അഡ്വ. ഷൈന്‍, ആര്‍ പൊന്നപ്പന്‍, വി എസ് പ്രദീപ്, കെ ടി ഇതിഹാസ്, സജിദ് എന്നിവര്‍ സംസാരിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പിന്നീട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധവും നടത്തി.