Connect with us

Kerala

മടങ്ങി വരുന്നവരുടെ യാത്രാ ചെലവ് കേന്ദ്രം വഹിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം:സഊദിയിലെ സ്വദേശിവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ പൊതുമാപ്പ് അനുവദിക്കാനും യാത്രാ വിലക്ക് ഏര്‍പ്പെടുത്താതിരിക്കാനും നയതന്ത്ര ഇടപെടല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിതാഖാത് നിയമം മൂലം സഊദിയില്‍ നിന്ന് തിരിച്ചുവരുന്നവരുടെ വിമാന യാത്രാ ടിക്കറ്റ് ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വിദേശത്ത് ജോലിയില്‍ കഴിയുന്ന മലയാളികളുടെ വിവരം ശേഖരിക്കാന്‍ സര്‍വേ നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അതിശയോക്തിപരമാണെന്നും പ്രവാസികാര്യമന്ത്രി കെ സി ജോസഫ് പറഞ്ഞു.

സഊദി അവരുടെ രാജ്യത്ത് നടപ്പാക്കിയ നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. അവരുമായി സഹകരിച്ച് നടപടികള്‍ ലഘൂകരിക്കാനുള്ള നയതന്ത്ര ഇടപെടല്‍ നടത്തി ക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി എല്ലാ ദിവസവും ബന്ധപ്പെടുന്നുണ്ട്. അവധി ദിവസങ്ങളില്‍ പോലും 24 മണിക്കൂറും എംബസി പ്രവര്‍ത്തിക്കുകയാണ്.
പൊതുമാപ്പിന് അവസരം ലഭിച്ചാല്‍ ഫ്രീ വിസയിലെത്തിയവര്‍ക്കും സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവര്‍ക്കും നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. മടങ്ങി വരുന്നവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സഊദി ഭരണകൂടത്തോട് അഭ്യര്‍ഥിക്കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വയലാര്‍ രവിയും ഇ അഹമ്മദും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സഊദി മന്ത്രിയുമായി താജിക്കിസ്ഥാനില്‍ വെച്ച് ഇ അഹമ്മദ് ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധി മറികടക്കാന്‍ നയതന്ത്രതലത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് കെ സി ജോസഫ് വ്യക്തമാക്കി. സഊദിയുമായുള്ള നല്ലബന്ധം ഉപയോഗപ്പെടുത്തി പ്രശ്‌നം പരിഹരിക്കും. പൊതുമാപ്പിന് വേണ്ടി സജീവമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്രശ്‌നം ആളിക്കത്തിക്കും വിധമുള്ള വാര്‍ത്തകള്‍ വരുന്നത് വിദേശത്ത് കഴിയുന്ന നാല്‍പ്പത് ലക്ഷത്തോളം മലയാളികള്‍ക്ക് പ്രയാസമുണ്ടാക്കും. ഗള്‍ഫ് മലയാളികളുടെ വിവരം ശേഖരിക്കുന്നതിന് സര്‍വേ നടത്തുന്നതിനൊപ്പം തിരിച്ചു വരുന്നവരുടെ കണക്കെടുക്കാന്‍ വിമാനത്താവളങ്ങളില്‍ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായ കാലത്തും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്തിയ പ്രവാസികളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കെ വി അബ്ദുല്‍ ഖാദര്‍ ആരോപിച്ചു. പ്രവാസികളുടെ ക്ഷേമത്തിന് നിലവിലുള്ള നിയമത്തില്‍ വ്യവസ്ഥകളില്ല. പുതിയ ബാധ്യതകള്‍ പ്രവാസികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാതെ സമഗ്രമായ ഒരു കുടിയേറ്റ നിയമത്തിന് രൂപം നല്‍കണം. എംബസികള്‍ക്ക് നിലവില്‍ പ്രവാസിക്ഷേമത്തിന് പദ്ധതികളൊന്നുമില്ല. രണ്ട് ഇറ്റാലിയന്‍ പൗരന്‍മാര്‍ക്ക് വേണ്ടി അവിടുത്തെ വിദേശകാര്യമന്ത്രി പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാത്തുകെട്ടി കിടന്നെങ്കില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വേണ്ടി ഒരു നിമിഷം പോലും മാറ്റിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. പ്രതിസന്ധിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ വിമാനയാത്രാക്കൂലി ഇരട്ടിയിലധികം വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ ക്രൂരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അബ്ദുല്‍ഖാദര്‍ ചൂണ്ടിക്കാട്ടി.
കോടികളുടെ വരുമാനം നേടിത്തരുന്ന പ്രവാസികളോട് നന്ദിയില്ലായ്മയാണ് കേന്ദ്രം കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.

Latest