പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്

Posted on: April 2, 2013 6:00 am | Last updated: April 1, 2013 at 11:10 pm

തിരുവനന്തപുരം: പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ഓണറേറിയം പറ്റുന്നവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്ന 2013 ലെ കേരള മുന്‍സിപ്പാലിറ്റി (രണ്ടാം ഭേഗദതി) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 86ാം വകുപ്പിനാണ് ഭേദഗതി.
1999 ഒക്‌ടോബര്‍ 15 മുതല്‍ 2008 ഡിസംബര്‍ 31 വരെ നടത്തിയ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നിബന്ധനക്കു വിധേയമായി ക്രമവത്കരിച്ചു നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, സര്‍ക്കാറുകള്‍ക്കോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കോ 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികള്‍, ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ഇവയിലേതെങ്കിലും സ്ഥാപനത്തില്‍ നിന്ന് ഓണറേറിയം പറ്റുന്നവര്‍ക്കും മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറായി തിരഞ്ഞെടുക്കുന്നതിന് യോഗ്യത ഉണ്ടാകില്ല.
അനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് മുമ്പ് മുനിസിപ്പാലിറ്റിയുടെ അഭിപ്രായം തേടും. നിര്‍ണയിക്കുന്ന ഫീസ് ഈടാക്കും. മന്ത്രി മഞ്ഞളാംകുഴി അലിയാണ് ബില്‍ അവതരിപ്പിച്ചത്.
കേരള സാംസ്‌കാരിക ക്ഷേമനിധിയിലേക്ക് 25 രൂപക്ക് മുകളിലുള്ള സിനിമാ ടിക്കറ്റുകളില്‍ നിന്ന് മൂന്ന് രൂപ വരെ സെസ് ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 2013 ലെ കേരള തദ്ദേശ അധികാരസ്ഥാന വിനോദ നികുതി ഭേദഗതി ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ഇലക്‌ട്രോണിക് ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ALSO READ  തിരഞ്ഞെടുപ്പ് ഫണ്ടിനായി ബിരിയാണി ചലഞ്ച്; പുത്തൻ പരീക്ഷണവുമായി പാർട്ടികൾ