കട്ടിയും ബൊമ്മയും തീരുമാനം മാറ്റിയത് കെ ജെ പിക്ക് തിരിച്ചടിയായി

Posted on: April 1, 2013 6:37 am | Last updated: April 1, 2013 at 1:39 am

k j pബംഗളൂരു: അടുത്ത അനുയായികളായ ഉമേഷ് കട്ടിയും ബസവരാജ് ബൊമ്മയും ബി ജെ പിയില്‍ തന്നെ തുടരാനുള്ള തീരുമാനം കര്‍ണാടക ജനതാ പാര്‍ട്ടി (കെ ജെ പി) നേതാവ് ബി എസ് യഡിയൂരപ്പക്ക് തിരിച്ചടിയായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക് തയ്യാറാക്കാന്‍ വേണ്ടി ചേര്‍ന്ന ബി ജെ പി ജില്ലാതല ഭാരവാഹികളുടെ യോഗത്തില്‍ ഇരുവരും പങ്കെടുത്തു. ബി ജെ പിയില്‍ തുടരുന്നതായി ഇരുവരും തീര്‍ത്തുപറഞ്ഞിട്ടുണ്ട്.
കട്ടിയും ബൊമ്മയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. യഡിയൂരപ്പയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും. കെ ജെ പി പ്രാദേശിക പാര്‍ട്ടിയെന്നതാണ് ബി ജെ പിയില്‍ തന്നെ തുടരാന്‍ ഈ നേതാക്കളെ പ്രേരിപ്പിക്കുന്ന ഘടകം. ഉത്തര കര്‍ണാടകയിലെ നിയമസഭാംഗങ്ങളുടെ നേതാവായും രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ പ്രാപ്തിയുള്ളയാളായുമാണ് ബൊമ്മയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ യഡിയൂരപ്പ പക്ഷത്തേക്ക് നീങ്ങാന്‍ തയ്യാറെടുപ്പ് നടത്തുന്ന മുരുകേഷ് നീറാനി, രാജു ഗൗഡ, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരെ സ്വാധീനിക്കാന്‍ ബൊമ്മയുടെ തീരുമാനം കൊണ്ട് സാധിച്ചേക്കും.
പുറത്തുനിന്നുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലാത്തതിനാല്‍ ആ പാര്‍ട്ടിയില്‍ കണ്ണ് വെച്ച ബി ജെ പി നേതാക്കള്‍ നിരാശയിലാണ്. ബെല്‍ഗാമില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ബി ജെ പിയുടെ രാജ്യസഭാംഗം പ്രഭാകര്‍ കോറും പാര്‍ട്ടിയില്‍ തുടരും. കോറിന് കോണ്‍ഗ്രസിന്റെ ക്ഷണമുണ്ടായിരുന്നു.