പ്രഫുല്‍ പട്ടേലിനെതിരായ പരാതി: നടപടി വെളിപ്പെടുത്താന്‍ സി വി സിയോട് വിവരാവകാശ കമ്മീഷണര്‍

Posted on: April 1, 2013 5:34 am | Last updated: April 1, 2013 at 1:35 am

praful pattelന്യൂഡല്‍ഹി: മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനെതിരെ മുന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് സി എം ഡി സുനില്‍ അറോറ നല്‍കിയ പരാതിയില്‍ എടുത്ത നടപടിയെ സംബന്ധിച്ച് വെളിപ്പെടുത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് (സി വി സി) കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ (സി ഐ സി) ആവശ്യപ്പെട്ടു. അതേസമയം, അറോറ നല്‍കിയ ഒറിജിനല്‍ പരാതി വെളിപ്പെടുത്തരുതെന്ന് വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്ര നിര്‍ദേശിച്ചു. സി വി സി അത്തരമൊരു ഇളവ് ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് സി ഐ സി ഈ നിര്‍ദേശം നല്‍കിയത്.
2005 മെയില്‍ അറോറ അന്നത്തെ കാബിനറ്റ് സെക്രട്ടറി ബി കെ ചതുര്‍വേദിക്ക് നല്‍കിയ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ തുടര്‍ നടപടി ആവശ്യപ്പെട്ടത് ലോക്‌സഭാംഗങ്ങളായ സി പി ഐയുടെ പ്രബോധ് പാണ്ഡയും ബി ജെ പിയുടെ നിഷികാന്ത് ദൂബെയും ആയിരുന്നു. അറോറ ആരോപിച്ചത് പ്രകാരം പട്ടേലിന്റെ ഭരണകാലത്ത് നടന്ന ചില പ്രധാന ക്രമക്കേടുകളില്‍ കൃത്യത വരുത്തി അന്വേഷണം വേണമെന്ന് എം പിമാര്‍ ആവശ്യപ്പെടുകയായിരുന്നു. എം പിമാര്‍ നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സി വി സിയോട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത് സാമൂഹിക പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാളാണ്. എന്നാല്‍, ആരോപിത വ്യക്തി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെട്ടയാളല്ലെന്ന് പറഞ്ഞ് സി വി സി അഗര്‍വാളിന്റെ അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍, സി ഐ സി ഇത് തടഞ്ഞു. 15 ദിവസത്തിനകം അപേക്ഷകന്‍ ആവശ്യപ്പെട്ടത് നല്‍കണമെന്നും സി ഐ സിയുടെ ഉത്തരവില്‍ പറയുന്നു.