ഇളയച്ചനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

Posted on: March 30, 2013 2:45 am | Last updated: March 30, 2013 at 2:45 am

കല്‍പ്പറ്റ: പിതാവിന്റെ അനുജനെ ചവിട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. സുല്‍ത്താന്‍ ബത്തേരി സി ഐ ജസ്റ്റിന്‍ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നെല്ലാറച്ചാല്‍ ഒഴലക്കൊല്ലിയില്‍ ഇടക്ക് വന്ന് താമസിക്കുന്ന വെട്ടേക്കാട്ടില്‍ രാജു പോളി (48)നെയാണ് പനമരത്ത് അറസ്റ്റ് ചെയ്തത്. രാജു പോളിന്റെ ഇളയച്ഛന്‍ പോത്ത്‌കെട്ടിയിലെ വെട്ടേക്കാട്ടില്‍ വര്‍ഗീസി (55)നെ 2011 നവംബര്‍ മാസത്തില്‍ ചവിട്ടികൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്.
പോലീസ് പറയുന്നത് ഇങ്ങനെ. മദ്യപിച്ച് വീട്ടില്‍ വച്ച് ഇരുവരും വഴക്ക് കൂടിയപ്പോള്‍ വര്‍ഗീസിന്റെ മുഖത്തും വയറിലും ചവിട്ടി ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് വര്‍ഗീസ് മരണപ്പെട്ടത്.
തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും വയനാട്ടില്‍ തിരിച്ചെത്തിയ വിവരമറിഞ്ഞ് പോലീസ് പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത് വൈത്തിരി സബ്ജയിലിലേക്കയച്ചു.