കമ്പനിയാക്കല്‍: കെ എസ് ഇ ബിക്ക് 14,460 ഹെക്ടര്‍ വനഭൂമി നഷ്ടപ്പെടും

Posted on: March 26, 2013 6:24 am | Last updated: March 25, 2013 at 11:53 pm
SHARE

പാലക്കാട്:സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള 14,460 ഹെക്ടര്‍ വനഭൂമി നഷ്ടമാകുന്നു. കെ എസ് ഇ ബിയെ കമ്പനിയാക്കുന്നതിനാലാണ് ഭൂമി നഷ്ടപ്പെടുന്നത്. കേന്ദ്ര നിയമ പ്രകാരം വനഭൂമി കൈമാറ്റം ചെയ്യാനാകില്ല. അതിനാല്‍ കെ എസ് ഇ ബി ലിമിറ്റഡ് എന്ന പുതിയ കമ്പനിക്ക് വനഭൂമിയുടെ അവകാശം ലഭിക്കില്ല. വൈദ്യുതി ബോര്‍ഡിനെ ഏപ്രില്‍ ഒന്ന് മുതല്‍ കെ എസ് ഇ ബി ലിമിറ്റഡ് എന്ന കമ്പനിയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുതിയ കമ്പനിക്ക് കൈമാറുന്ന ബോര്‍ഡിന്റെ മുഴുവന്‍ ആസ്തിബാധ്യതകളും കൈമാറ്റ പദ്ധതിയില്‍ വ്യക്തമാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ബോര്‍ഡിന്റെ വനഭൂമി സംബന്ധിച്ച് യാതൊരു വിവരവും കൈമാറ്റ പദ്ധതിയില്‍ ഇല്ല. വനഭൂമി പാട്ടത്തിന് നല്‍കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെയാണ്. ഇത്തരത്തില്‍ പാട്ടത്തിന് നല്‍കുന്ന ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കാറുമില്ല. കെ എസ് ഇ ബിയുടെ കാര്യത്തിലും ഇതു തന്നെയാണ് വ്യവസ്ഥ. വനഭൂമിയിലുള്ള അവകാശം എന്നും സര്‍ക്കാറിന് മാത്രമായിരിക്കും. പാട്ടക്കാലാവധി കഴിഞ്ഞാല്‍ വനഭൂമി സര്‍ക്കാറിലേക്ക് തിരികെയെടുക്കും. ഇത്തരത്തിലുള്ള വനഭൂമി മറ്റ് കമ്പനികളിലേക്ക് കൈമാറാന്‍ സാധിക്കില്ലെന്ന് 1980ലെ വനസംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും പറയുന്നുണ്ടെന്ന് വനം വകുപ്പ് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെതായി ഒട്ടേറെ സബ് സ്‌റ്റേഷനുകള്‍ വനഭൂമിയിലുണ്ട്. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലമായ നിലമ്പൂരിലെ 66 കെ വി സബ് സ്‌റ്റേഷനും കെ എസ് ഇ ബിക്ക് നഷ്ടമാകുന്നവയില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ പാലോട്, പത്തനംതിട്ട ജില്ലയിലെ ത്രിവേണി, കൊച്ചുപമ്പ, ഇടുക്കിയിലെ കുളമാവ്, വാഴത്തോപ്പ്, എറണാകുളത്തെ കരിമണല്‍, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, കണ്ണൂരിലെ നെടുമ്പൊയില്‍ തുടങ്ങിയവയെല്ലാം വനഭൂമിയില്‍ സ്ഥിതി ചെയ്യുന്ന സബ് സ്‌റ്റേഷനുകളാണെന്നാണ് പറയുന്നത്.വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നതിനിടെ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെയാണ് കോടികള്‍ വില മതിക്കുന്ന സ്വത്തും ഈ നടപടിയിലൂടെ ബോര്‍ഡിന് നഷ്ടമാകുന്നത്.