യു എന്നില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ വോട്ട് ചെയ്‌തേക്കും

Posted on: March 17, 2013 2:26 am | Last updated: March 17, 2013 at 2:26 am
SHARE

United-Nationsചെന്നൈ: ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ വോട്ട് ചെയ്‌തേക്കും. തമിഴ് വിഷയത്തില്‍ ശ്രീലങ്കക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ യു പി എ വിടുമെന്ന് ഡി എം കെ നേതാവ് കരുണാനിധി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ ധനമന്ത്രി പി ചിദംബരമാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിനിടെ നടന്ന കൂട്ടക്കൊലയെ കുറിച്ച് അന്താരാഷ്ട്ര സ്വതന്ത്ര അന്വേഷണം വേണമെന്ന പ്രമേയം വന്നാല്‍ അതിനെ പിന്തുണക്കുമെന്ന് ചിദംബരം പറഞ്ഞു. സ്വതന്ത്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ ആവശ്യപ്പെടണമെന്ന് ഡി എം കെ നേതാവ് എം കരുണാനിധി ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം യു പി എ വിടുമെന്നും കരുണാനിധി ഭീഷണിപ്പെടുത്തി. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ (യു എന്‍ എച്ച് ആര്‍ സി) ശ്രീലങ്കക്കെതിരെ യു എസ് കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെന്ന് കരുണാനിധി ആവശ്യപ്പെട്ടു. കൂട്ടക്കൊല ചെയ്തവരെ തിരിച്ചറിയുന്നതിനായി അന്താരാഷ്ട്രതലത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഭേദഗതി പ്രമേയത്തില്‍ ഇന്ത്യ കൊണ്ടുവരണമെന്ന് കരുണാനിധി ആവശ്യപ്പെട്ടു.