തൃശൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യ ഘട്ട നിര്‍മാണം നാളെ

Posted on: March 15, 2013 6:00 am | Last updated: March 14, 2013 at 10:38 pm
SHARE

trichur zoolagical parkതൃശൂര്‍:ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് തൃശൂരിലെ പൂത്തൂരില്‍ യാഥാര്‍ഥ്യമാകുന്നു. ആധുനിക രീതിയില്‍ തയ്യാറാക്കുന്ന പാര്‍ക്കിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാളെ തുടങ്ങും. മൂന്ന് ഘട്ടങ്ങളിലായി നിര്‍മിക്കുന്ന പാര്‍ക്കിന്റെ ആദ്യഘട്ട നിര്‍മാണം മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ഇതിന് 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 100 കോടിയുടെ അനുമതിക്കായി കേന്ദ്രസര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പദ്ധതി മുഴുവനായും നടപ്പിലാക്കാന്‍ ചുരുങ്ങിയത് ഏഴ് വര്‍ഷം വേണ്ടിവരും. മൂന്നാം ഘട്ടത്തിനു മാത്രം 350 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ അഞ്ച് കോടി രൂപയാണ് നീക്കിവെച്ചിരുന്നത്. ലോക പ്രശസ്ത മൃഗശാലാ ഡിസൈനര്‍മാരായ ജോണ്‍കൊയും ബൊണാള്‍ഡും സ്ഥലം സന്ദര്‍ശിച്ചാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

വിനോദ സഞ്ചാരികളെയും ഗവേഷകരെയും ആകര്‍ഷിക്കാനാകുന്ന തരത്തില്‍ ഒരുക്കുന്ന പാര്‍ക്ക് യാഥാര്‍ഥ്യമായാല്‍, തൃശൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല പുത്തൂരിലേക്ക് മാറ്റണമെന്ന രണ്ട് പതിറ്റാണ്ടായി ഉയരുന്ന ആവശ്യം കൂടിയാണ് നിറവേറുന്നത്. ആദ്യ ഘട്ടത്തില്‍ ജീവികള്‍ക്കും മറ്റുമുള്ള കൂടുകള്‍, ചെറു റോഡുകള്‍, വൈദ്യുതി വിതരണ സൗകര്യം, ജല സംഭരണി, സ്റ്റോര്‍ റൂം തുടങ്ങിയവ നിര്‍മിക്കും. ഒരോ കൂടും തയ്യാറാകുന്നതിനനുസരിച്ച് തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെയും പക്ഷികളെയും പാര്‍ക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കും.

തൃശൂര്‍ നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ പുത്തൂരിലെ വന ഭൂമിയില്‍ വരാനിരിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ വിസ്തൃതി 336 ഏക്കറാണ്. ഇടുങ്ങിയ കൂടുകളില്‍ ഞെരുങ്ങിക്കഴിയുന്ന മൃഗങ്ങള്‍ക്ക് പാര്‍ക്കില്‍ സ്വാഭാവിക ആവാസ വ്യവസ്ഥ ഉറപ്പ് വരുത്തും. കൂടാതെ വനം ഗവേഷണ കേന്ദ്രവും വെറ്ററിനറി സൗകര്യങ്ങളും ഇതോടൊപ്പം ഉണ്ടാകും. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലാ മ്യൂസിയം-മൃഗശാലാ വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സുവോളജിക്കല്‍ പാര്‍ക്ക് പൂര്‍ണമായും വനം വകുപ്പിന്റെ കീഴിലാണ്.
ദേശീയ പാത 47നടുത്ത് സ്ഥിതിചെയ്യുന്ന നിര്‍ദിഷ്ട പാര്‍ക്കില്‍ പ്രതിവര്‍ഷം ഒരു കോടി സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിമിതമായ സൗകര്യങ്ങളുള്ള 12 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള തൃശൂര്‍ മൃഗശാലയില്‍ ഇപ്പോള്‍ പ്രതിവര്‍ഷം 25 ലക്ഷം പേരാണ് എത്തുന്നത്. 1885 സ്ഥാപിതമായ മൃഗശാലയുടെ പഴയകാല പ്രതാപമെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആധുനിക രീതിയിലുള്ള പാര്‍ക്കിനെ സംബന്ധിച്ച് ആലോചന നടന്നത്. സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന പ്രധാന വന്യ ജീവികളുടെ എണ്ണം കാലക്രമേണ കുറഞ്ഞതിനാല്‍ ഒരിക്കല്‍ വരുന്ന വിനോദ സഞ്ചാരികളെ വീണ്ടും ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല. 45 ഇനങ്ങളില്‍പ്പെട്ട അഞ്ഞൂറിലേറെ മൃഗങ്ങളുള്ള ഇവിടെ ഇപ്പോള്‍ ഒരു സിംഹം, രണ്ട് കടുവ, നാല് പുള്ളിപ്പുലി എന്നിങ്ങനെയാണ് പ്രധാന മൃഗങ്ങളായി ഉള്ളത്. ഇതില്‍ കടുവ, പുള്ളിപ്പുലി എന്നിവയില്‍ ചിലതിനെ ഈയിടെ എത്തിച്ചതാണ്.
2011 ജൂലൈയില്‍ തൃശൂര്‍ മൃഗശാല സന്ദര്‍ശിച്ച കേന്ദ്ര അതോറിറ്റി ഉദ്യോഗസ്ഥര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മൃഗങ്ങളെ സുരക്ഷിതത്വത്തോടെയും ശുചിത്വത്തോടെയും പാര്‍പ്പിക്കുന്നതിന് മൃഗശാലയില്‍ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അതോറിറ്റി ഈ നിര്‍ദേശം നല്‍കിയിരുന്നത്. മൃഗശാലയുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ തണുപ്പന്‍ സമീപനവും ഉദ്യോഗസ്ഥരുടെ അതൃപ്തിക്കിടയാക്കിയിരുന്നു. പക്ഷി, മൃഗാദികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം അവക്കും സഞ്ചാരികള്‍ക്കും വേണ്ടത്ര സൗകര്യങ്ങളും ഗവേഷണ കേന്ദ്രവും യാത്രാ സൗകര്യവും ഉണ്ടെങ്കിലെ ധാരാളം പേരെ ആകര്‍ഷിക്കാനാകൂവെന്ന തിരിച്ചറിവില്‍ നിന്നാണ് സുവോളജി പാര്‍ക്ക് പിറവിയെടുക്കുന്നത്. സുവോളജിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 10ന് മുഖ്യമന്ത്രി നിര്‍വഹിക്കും.