ശ്രീനഗറില്‍ ഭീകരാക്രമണം:അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: March 13, 2013 5:10 pm | Last updated: March 14, 2013 at 11:38 am

TERRORIST ATTACKശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ശ്രീനഗറിന് സമീപമുള്ള സി ആര്‍ പി എഫ് ക്യാമ്പിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാല് ജവാന്മാരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പ്രത്യാക്രമണത്തില്‍ സൈനികര്‍ രണ്ട് തീവ്രവാദികളെ വധിച്ചു.
മൂന്നംഗ സംഘമാണ് ഇന്നലെ രാവിലെ ബെമിന മേഖലയിലെ സി ആര്‍ പി എഫ് ക്യാമ്പിനു നേരെ ആക്രമണം നടത്തിയത്. ഗ്രനേഡ് എറിഞ്ഞ ശേഷം തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരരും സുരക്ഷാ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അര മണിക്കൂറോളം നീണ്ടു. ആക്രമിക്കപ്പെട്ട സൈനിക ക്യാമ്പിന് സമീപം സ്‌കൂള്‍ അടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പണിമുടക്ക് നടക്കുന്നതിനാല്‍ സ്‌കൂള്‍ ഇന്നലെ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കാനെത്തിയിരുന്നു.
ജമ്മു കാശ്മീരില്‍ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടാകുന്ന ആദ്യ ചാവേര്‍ ആക്രമണമാണ് ഇത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലുതും. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്ത് നൂറിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദികളാകുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിംഗ് പറഞ്ഞു. കൊല്ലപ്പെട്ട തീവ്രവാദികള്‍ പ്രദേശവാസികളെ പോലെ തോന്നുന്നില്ല. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ളവരാകാമെന്നാണ് അനുമാനം. കളിക്കാനെന്ന വ്യാജേന കിറ്റ് ബാഗുകളുമായാണ് ഇവര്‍ എത്തിയത്. എന്നാല്‍, കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഇവര്‍ പൊടുന്നനെ ജവാന്മാര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് തീവ്രവാദി സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം അറിയിച്ചുകൊണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ വക്താവ് തങ്ങള്‍ക്ക് ഫോണ്‍ ചെയ്തുവെന്ന് ശ്രീനഗറിലെ കാശ്മീര്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല നിയമസഭയില്‍ പ്രസ്താവന നടത്തി. ആക്രമണത്തെ അപലപിക്കുന്നതായി പി ഡി പി നേതാവ് മെഹബൂബ മുഫ്തി പ്രതികരിച്ചു.