റബ്ബര്‍ വിപണി ഉണര്‍ന്നു; കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted on: March 11, 2013 10:28 am | Last updated: March 11, 2013 at 10:28 am
SHARE

rubberകൊച്ചി: വിദേശ വിപണികളില്‍ നിന്നുള്ള അനുകൂല തരംഗം ആഭ്യന്തര റബ്ബര്‍ വില മെച്ചപ്പെടുത്തി. കുരുമുളകിന്റെ തളര്‍ച്ച അത്യന്തം രൂക്ഷമാണ്. മഞ്ഞളിനു വ്യാവസായിക ഡിമാന്‍ഡ്. പവന്‍ ആറ് മാസത്തെ താഴ്ന്ന നിലവാരത്തില്‍.
ചൈന കഴിഞ്ഞ മാസം കയറ്റുമതി രംഗത്ത് കൈവരിച്ച മികച്ച നേട്ടം റബ്ബര്‍ വിപണി രംഗത്ത് നവോന്മേഷം ഉളവാക്കി. അമേരിക്കയില്‍ നിന്നുള്ള മികച്ച തൊഴില്‍ ഡാറ്റയും വിപണിയുടെ മുന്നേറ്റം സുഗമമാക്കി. ഇതിനിടയില്‍ ഡോളറിനു മുന്നില്‍ യെന്‍ 2009 നു ശേഷമുള്ള ഏറ്റവും മോശം നിലവാരത്തിലേക്ക് നീങ്ങി. ഇതുമൂലം ടോക്കോം അന്താരാഷ്ട്ര അവധി വ്യാപാര കേന്ദ്രത്തില്‍ റബ്ബര്‍ വില ഉയര്‍ന്നു. ഇതിന്റെ ചുവട് പിടിച്ചു ഷാംഗ് ഹായ്, സീക്കോം വിപണികളിലും റബ്ബര്‍ ശ്രദ്ധിക്കപ്പെട്ടു. വിദേശ വിപണികളിലെ ഈ ഉണര്‍വ് കണ്ട് ആഭ്യന്തര ടയര്‍ കമ്പനികള്‍ പ്രാദേശിക തലത്തില്‍ ചരക്ക് സംഭരണം ഊര്‍ജിതമാക്കി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നു സംസ്ഥാനത്ത് റബ്ബര്‍ ഉത്പാദനം കുറവാണ്. ഈ അവസരത്തില്‍ വ്യവസായികള്‍ വിപണിയില്‍ സജീവമായതോടെ നിരക്ക് ഉയര്‍ന്നു. 15,700 രൂപയില്‍ വില്‍പ്പന തുടങ്ങിയ നാലാം ഗ്രേഡ് റബ്ബര്‍ ശനിയാഴ്ച 16300 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 15250 ല്‍ നിന്ന് 16,000 രൂപയായി.
ജനുവരി, ഫെബ്രുവരി കാലയളവിലെ വന്‍ കുതിപ്പുള്‍ക്ക് ശേഷം കുരുമുളക് വിലകള്‍ താഴുകയാണ്. കുരുമുളക് അവധി വ്യാപാരത്തിലെ വില്‍പ്പന സമ്മര്‍ദമാണ് റെഡി വിപണിയുടെ ഗതി തിരിച്ചു വിട്ടത്. അവധി നിരക്കുകള്‍ താഴ്ന്നതിനൊപ്പം റെഡി വിലയും കുറഞ്ഞു. ഇതിനിടയില്‍ നികുതിവെട്ടിപ്പുകാര്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചു കേരളത്തില്‍ നിന്നുള്ള കുരുമുളക് സംഭരണം ഊര്‍ജിതമാക്കി. പിന്നിട്ട രണ്ടാഴ്ചക്കിടയില്‍ കുരുമുളകിന് 5000 രൂപയുടെ വില തകര്‍ച്ച നേരിട്ടതോടെ കര്‍ഷകര്‍ തികഞ്ഞ പരിഭ്രാന്തിയിലാണ്. ഈ തക്കത്തിന് ഉത്തരേന്ത്യന്‍ ഇടപാടുകാര്‍ വിപണിയില്‍ നിന്ന് പിന്‍വലിഞ്ഞത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 6900 ഡോളറാണ്. നിരക്ക് താഴ്ന്ന നിലക്ക് പുതിയ കയറ്റുമതി അന്വേഷണങ്ങള്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് വിപണി. ഉത്പാദന മേഖലകളില്‍ നിന്ന് മികച്ചയിനം നാടന്‍മഞ്ഞള്‍ എത്തി. ഔഷധ മുല്യമേറിയ ഈ ചരക്ക് സ്വന്തമാക്കാന്‍ യു എസ് കയറ്റുമതിക്കാര്‍ രംഗത്തുണ്ട്. കിലോ ഗ്രാമിന് 110 രൂപയ്ക്ക് വിപണനം തുടങ്ങിയ മഞ്ഞള്‍ വാരാന്ത്യം 90 ലാണ്. ഈ റോഡ് മഞ്ഞളിനു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യക്കാരുണ്ട്. ഈറോഡ് മഞ്ഞള്‍ കിലോ 68 രൂപക്കും അഗ്മാര്‍ക്ക് ചരക്ക് 72 നുമാണ് വില്‍പ്പന.
ഉത്തര കേരളത്തില്‍ നാളികേര വിളവെടുപ്പ് ശക്തമായ വേളയില്‍ നാഫെഡിന്റെ നഷ്ടം നികത്തി സംഭരണത്തിനു കരുത്തു പകരാനുള്ള നീക്കം വിപണി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. പച്ച തേങ്ങ സംഭരണവും ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ്. പ്രാദേശിക തലത്തില്‍ നിലനിന്ന ഡിമാന്‍ഡില്‍ കൊച്ചിയില്‍ വെളിച്ചെണ്ണ വില 6300 ല്‍ നിന്ന് 6350 രൂപയായി. കൊപ്ര 4425 രൂപയിലാണ്. അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലെ തളര്‍ച്ചയുടെ ചുവട് പിടിച്ചു കേരളത്തില്‍ സ്വര്‍ണ വില താഴ്ന്നു.