മോചിതമായ കപ്പലിന് വേഗത കുറവ്; ഇന്ന് ഒമാന്‍ സമുദ്രാതിര്‍ത്തി കടന്നേക്കും

Posted on: March 11, 2013 9:53 am | Last updated: March 11, 2013 at 1:00 am

സ്വന്തം ലേഖകന്‍
മസ്‌കത്ത്: ഒരു വര്‍ഷം മുമ്പ് സോമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ അഞ്ചു മലയാളികളുള്‍പെട്ട കപ്പല്‍ ഇന്നലെ രാത്രിയും ഒമാന്‍ സമുദ്രാതിര്‍ത്തിയിലേക്കു പ്രവേശിച്ചില്ല. ഒരു വര്‍ഷം നിശ്ചലമായി കിടന്ന കപ്പല്‍ വളരെ പതുക്കെ മാത്രം വരുന്നതാണ് ഒമാനിലെത്താന്‍ വൈകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്നു വൈകുന്നേരത്തോടെ കപ്പല്‍ ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സലാല പോര്‍ട്ട് അധികൃതര്‍ പറയുന്നു. സമുദ്രാതിര്‍ത്തി കടന്നാല്‍ ഒമാന്‍ തീരസംരക്ഷണ സേനക്ക് കപ്പലുമായി ആശയ വിനിമയം നടത്തുന്നതിനും സലാല പോര്‍ട്ടിലെത്തുന്ന സമയം അറിയിക്കാനും കഴിയും. എന്നാല്‍ അതിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പോര്‍ട്ട് അധികൃതര്‍ പറയുന്നു. മലയാളികളുള്‍പെടെയുള്ള ഇന്ത്യക്കാരെ സ്വീകരിക്കുന്നതിനും നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലയക്കുന്നതിനും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കപ്പല്‍ എത്തിച്ചേരുന്ന വിവരത്തിനായി കാത്തിരിക്കുകയാണ്.

മലയാളികളെ സ്വീകരിക്കുന്നതിനും നടപടികള്‍ പൂര്‍ത്തിയാക്കുന്നതതിനുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവാസികാര്യ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ശിവദാസന്‍ രണ്ടു ദിവസം മുമ്പ് തന്നെ മസ്‌കത്തിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു വരുന്നുണ്ടെന്നും കപ്പല്‍ സലാലയിലെത്തുന്ന വിവരം ലഭിച്ചാലുടന്‍ എംബസി അധികൃതര്‍ക്കൊപ്പം സലാലയിലേക്കു തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍ വന്ന ശേഷം കപ്പലിലുള്ള മലയാളി ജീവനക്കാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതേമസമയം, അവര്‍ സുരക്ഷിതരാണെന്നും കപ്പല്‍ ഒമാന്‍ തീരത്തേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ശിവദാസന്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്റെ സമുദ്ര സുരക്ഷാസേനയുടെ കപ്പല്‍ മോചിപ്പിക്കപ്പെട്ട കപ്പലിനെ അനുഗമിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കപ്പലിലെ മെഡിക്കല്‍ സംഘം മോചിപ്പിക്കപ്പെട്ട തൊഴിലാളികള്‍ക്ക് വൈദ്യസഹായം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് റോയല്‍ ഗ്രേസ് എന്ന കപ്പല്‍ റാഞ്ചപ്പെട്ടത്. കൊല്ലം ചടയമംഗലം സ്വദേശി മനീഷ് മോഹന്‍, തിരുവനന്തപുരം സ്വദേശി അര്‍ജുന്‍, ഒറ്റപ്പാലം സ്വദേശി മിഥുന്‍, ഇരിങ്ങാലക്കുട സ്വദേശി വിന്‍സന്റ്, പത്തനംതിട്ട സ്വദേശി ഡിവിന്‍ എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍. ഇവരെക്കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരും കപ്പലിലുണ്ട്