Connect with us

Kozhikode

പുഴകള്‍ വറ്റിത്തുടങ്ങി; കുടിവെള്ള ക്ഷാമം രൂക്ഷം

Published

|

Last Updated

കൊടുവള്ളി: പൂനൂര്‍ പുഴയും ചെറുപുഴയും കടുത്ത വേനലില്‍ വറ്റി നീര്‍ച്ചാലായി മാറുന്നു. പുഴയോരത്തെ വിവിധ പഞ്ചായത്തുകളിലെ നിരവധി ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി.
ഉണ്ണികുളം, പുതുപ്പാടി, താമരശ്ശേരി, കൊടുവള്ളി, കിഴക്കോത്ത്, മടവൂര്‍, കുന്ദമംഗലം, ചാത്തമംഗലം, ഓമശ്ശേരി, കോടഞ്ചേരി, പുതുപ്പാടി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ വീട്ടുകിണറുകളും വിവിധ കുടിവെള്ള പദ്ധതികളുടെ കിണറുകളും വറ്റി തുടങ്ങിയതിനാല്‍ പമ്പിംഗ് നാമമാത്രമായിരി മാറിയിരിക്കയാണ്.
പുഴ കടന്നുപോകുന്ന കോഴിക്കോട് കോര്‍പറേഷന്‍ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കേരള വാട്ടര്‍ അതോറിറ്റിയുടെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജലനിധിയടക്കമുള്ള നൂറുകണക്കിന് കുടിവെള്ള പദ്ധതികളുടെയും കിണറുകള്‍ വറ്റിത്തുടങ്ങിയിട്ടുണ്ട്. പുഴയുടെ അനുബന്ധമായുള്ള നിരവധി തോടുകള്‍ ഇതിനകം വറ്റിക്കഴിഞ്ഞു. പുഴകളില്‍ താത്കാലിക തടയണ നിര്‍മിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ് നിര്‍ത്തിയാണ് കുടിവെള്ള പദ്ധതികളുടെ കിണറുകളില്‍ അല്‍പമെങ്കിലും ജലവിതാനം നിലനിര്‍ത്തുന്നത്.
കേരള വാട്ടര്‍ അതോറിറ്റിയുടെ ചെറുപുഴയിലെ നടമ്മല്‍കടവ് കാപ്പ്മല പദ്ധതി, പൂനൂര്‍ പുഴയിലെ മടവൂര്‍ കൊട്ടക്കാവയല്‍ പാലോറ മല പദ്ധതി, കോഴിക്കോട് കോര്‍പറേഷന്‍ പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്തുന്ന മൂഴിക്കല്‍ ചെറുവറ്റ പദ്ധതി എന്നിവയുടെ പ്രവര്‍ത്തനത്തെയും പ്രശ്‌നം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ വേനല്‍ കൂടുതല്‍ കനക്കുന്നതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
പുഴകളിലെ അനിയന്ത്രിതവും രൂക്ഷവുമായ മണല്‍വാരലും പുഴയോര പറമ്പുകളിലെ മണല്‍ ഖനനവുമാണ് പുഴകളിലെ ജലവിതാനം താഴാനും കുടിവെള്ളക്ഷാമം രൂക്ഷമാകാനുമിടയാക്കുന്നത്. കുടിവെള്ള പദ്ധതികളുടെ പമ്പിംഗ് ദിവസേന നടക്കാത്തത് കിണറുകളില്ലാത്ത കോളനികളടക്കമുള്ള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെയാണ് ദുരിതത്തിലാക്കുന്നത്.
മുന്‍കാലങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വേനല്‍ രൂക്ഷമാകുന്ന ജനുവരി മുതല്‍ വാഹനങ്ങളില്‍ കുടിവള്ളമെത്തിച്ചിരുന്നു. എന്നാല്‍ ജലനിധിയടക്കമുള്ള കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയതോടെ ഇത് നിലച്ചിരിക്കയാണ്.
ടാങ്കര്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത് കുടിനീര്‍ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഏറെ ആശ്വാസം പകര്‍ന്നിരുന്നു. പുഴകളിലും തോടുകളിലും പദ്ധതി കിണറുകളുടെ സമീപം താത്കാലിക തടയണ നിര്‍മിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ കുടിവെള്ളപദ്ധതികളുടെ പമ്പിംഗ് സാധാരണ നിലയിലാക്കിയിരുന്നു.
ഇപ്പോള്‍ സ്‌കൂളുകളിലെ എന്‍ എസ് എസ് ക്യാമ്പിനോടനുബന്ധിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതല്ലാതെ പഞ്ചായത്തുകളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.