Connect with us

Wayanad

റോഡ് കൈയേറ്റം: കര്‍ശന നടപടിക്ക് നിര്‍ദേശം

Published

|

Last Updated

കല്‍പ്പറ്റ: കച്ചവട സ്ഥാപനങ്ങളും മരമില്ലുകളും മറ്റും റോഡ് കൈയേറി സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
റോഡ് കൈയേറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്നും കയ്യേറിയ സ്ഥലത്ത് സൂക്ഷിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്ന സാധനങ്ങള്‍ കണ്ടുകെട്ടുമെന്നും ജില്ലാപോലീസ് മേധാവി എ.വി.ജോര്‍ജ്ജ് പറഞ്ഞു. ഇതര കയ്യേറ്റങ്ങള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കി പോലീസ് നടപടികള്‍ക്കായി സമര്‍പ്പിക്കാന്‍ യോഗം പൊതുമരാമത്ത് (റോഡ്‌സ്) വിഭാഗം അധികൃതരെ ചുമതലപ്പെടുത്തി. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആടുമാടുകളെ കണ്ടുകെട്ടാനും പൊതുസ്ഥലങ്ങളില്‍ ആടുമാടുകളെ അഴിച്ചുവിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കല്‍പ്പറ്റ നഗരസഭാ അധികൃതരോട് യോഗം നിര്‍ദേശിച്ചു.
മാനന്തവാടിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാനായി മൈസൂര്‍ റോഡില്‍ ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള സ്ഥലം ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ മാനന്തവാടി ഗ്രാമപഞ്ചായത്തിനോട് യോഗം ശുപാര്‍ശ ചെയ്തു. മേപ്പാടിയിലും വൈത്തിരിയിലും മെയിന്‍ റോഡില്‍ ബസുകളും സമാന്തര സര്‍വ്വീസ് ജീപ്പുകളും ആളുകളെ കയറ്റാന്‍ മത്സരിക്കുന്നതു മൂലം ഉണ്ടാകുന്ന ഗതാഗതകുരുക്കുകളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഈ രണ്ടു പഞ്ചായത്തുകളും പഞ്ചായത്തു തല ട്രാഫിക് ഉപദേശക സമിതി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് നടപടി സ്വീകരിക്കാനും യോഗം നിര്‍ദ്ദേശിച്ചു.
ബസുകളിലും വാഹനങ്ങളിലും ഉപയോഗിക്കുന്ന ഹോണുകളുടെ ശബ്ദവിതാനം പരിശോധിക്കുന്നതിന് ഗതാഗത വകുപ്പ് ഓഫീസിന് വേണ്ടി മൂന്ന് ഡസിമല്‍ മീറ്ററുകള്‍ വാങ്ങാന്‍ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാറോഡ് സുരക്ഷാനിധിയില്‍ നിന്നും തുക ചിലവിടും. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ അധ്യാപകര്‍ക്ക് വേണ്ടി റോഡുസുരക്ഷാബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.