ഷഹ്‌ലാ മസ്ഊദ് വധം: ബി ജെ പി. എം എല്‍ എയെ ചോദ്യം ചെയ്യും

Posted on: February 25, 2013 9:48 am | Last updated: February 25, 2013 at 9:48 am

shahla masoodന്യൂഡല്‍ഹി: വിവരാവകാശ പ്രവര്‍ത്തക ഷഹ്‌ലാ മസ്ഊദിനെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ മുതിര്‍ന്ന ബി ജെ പി നേതാവിനെ അടുത്തയാഴ്ച സി ബി ഐ ചോദ്യം ചെയ്യും. ഈ കേസില്‍ അറസ്റ്റിലായ സാഹിദ പര്‍വേസുമായി ബി ജെ പി നേതാവിനുള്ള ബന്ധത്തിന്റെ പേരിലാണ് ചോദ്യം ചെയ്യുകയെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
പര്‍വേസിന്റെ വീട്ടില്‍ നിന്ന് ലഭിച്ച സി ഡിയുടെ ആധികാരികത തെളിയിക്കുന്ന റിപ്പോര്‍ട്ട് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് കിട്ടാന്‍ കാത്തിരിക്കുകയാണ് സി ബി ഐ. പര്‍വേസുമായി ബി ജെ പി നേതാവിനുള്ള ബന്ധം തെളിയിക്കാന്‍ ഈ സി ഡി പര്യാപ്തമാണെന്ന് സി ബി ഐ വൃത്തങ്ങള്‍ കരുതുന്നു. ഇത് കൂടാതെ മറ്റ് ചില നിര്‍ണായക തെളിവുകളും സി ബി ഐയുടെ പക്കലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പേര് വെളിപ്പെടുത്താത്ത ബി ജെ പി നേതാവിനെ ചോദ്യം ചെയ്യുക.
അതേസമയം, ഗൂഢാലോചനയില്‍ ഇദ്ദേഹത്തിന് പങ്കില്ലെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തെളിവ് കിട്ടിയാലേ ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. മസ്ഊദിന്റെ വധത്തിന്റെ ഗൂഢോലചനയില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുകയാണ് സി ബി ഐ ലക്ഷ്യം. അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ മൂവ്‌മെന്റിന്റെ ഭാഗമായി ഭോപ്പാലിലേക്ക് പുറപ്പെടുമ്പോഴാണ് വീടിന് സമീപം വെച്ച് 2011 ആഗസ്റ്റ് 16ന് ഷഹ്‌ല മസ്ഊദ് കൊല്ലപ്പെടുന്നത്.