വിദ്വേഷ പ്രസംഗം: തൊഗാഡിയ ഉടന്‍ അറസ്റ്റിലായേക്കും

Posted on: February 25, 2013 9:22 am | Last updated: February 26, 2013 at 8:35 am

Pravin-Togadia_0മുംബൈ : വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ വിദ്വേഷം പരത്തുന്ന പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ തെളിവുകളുണ്ടെന്ന് മുംബൈ നന്ദേദ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഭോക്കാറില്‍ കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ പ്രസംഗം നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ്, പ്രാഥമിക റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് സൂചന.

മതസ്പര്‍ധയുണ്ടാക്കല്‍ (സെക്ഷന്‍ 153 എ), മനപ്പൂര്‍വം മതവികാരം വൃണപ്പെടുത്തല്‍ (സെക്ഷന്‍ 295 എ) എന്നീ വകുപ്പുകളനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടെടുക്കുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
അതേസമയം, അത്തരം അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു. തൊഗാഡിയയുടെ കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. പോലീസിന് മുന്നോട്ട് പോകാന്‍ മുതിര്‍ന്ന നേതാവില്‍ നിന്നോ ആഭ്യന്തര വകുപ്പില്‍ നിന്നോ അനുമതി ആവശ്യമില്ല- പാട്ടീല്‍ വിശദീകരിച്ചു.