Connect with us

Ongoing News

സന്തോഷ് ട്രോഫി: കേരളത്തിന് രണ്ടാം ജയം

Published

|

Last Updated

CHN- Kerala goal scorer Usman Photo Babu Georgeകൊച്ചി: പൊരുതിക്കളിച്ച ഉത്തര്‍പ്രദേശിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി കേരളം സന്തോഷ് ട്രോഫി സെമിഫൈനലില്‍. ആദ്യപകുതിയില്‍ മികച്ചു നിന്ന കേരളം തുടരെ മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ യു പി കേരളത്തിന്റെ മുന്നേറ്റത്തെയും പ്രതിരോധത്തെയും ഒരു പോലെ ഛിന്നഭിന്നമാക്കി. ചടുലമായ നീക്കങ്ങളിലൂടെ കളിക്കളത്തല്‍ നിറഞ്ഞ ജോണ്‍സനാണ് മാന്‍ഓഫ് ദി മാച്ച്.

13ാം മിനുട്ടില്‍ ഉസ്മാനും 17ാം മിനുട്ടില്‍ കണ്ണനും 26ാം മിനിറ്റില്‍ ഷിബിന്‍ലാലുമാണ് കേരളത്തിന് സ്‌കോര്‍ ചെയ്തത്. 45ാം മിനുട്ടില്‍ ബീരു യാദവും 89ാം മിനുട്ടില്‍ വിവേക് സിംഗ് കെയ്‌റയും ഗോള്‍ മടക്കി.
ആദ്യപകുതിയില്‍ ദുര്‍ബലമായ മുന്നേറ്റങ്ങളോടെയാണ് കേരളം തുടങ്ങിയത്. എട്ടാം മിനിറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ ലഭിച്ച ആദ്യ കോര്‍ണര്‍ വിനീത് ആന്റണി പുറത്തേക്ക് അടിച്ചു കളഞ്ഞു.
13ാം മിനുട്ടില്‍ യു പിയുടെ ബോക്‌സിനുള്ളില്‍ വരുത്തിയ ഒരു ഫൗളിന് ലഭിച്ച പെനാല്‍റ്റി കിക്കാണ് കേരളത്തിന്റെ ആദ്യ ഗോളിനും കളിയുടെ ഗതിമാറ്റത്തിനും വഴിവെച്ചത്. പെനാല്‍റ്റി കിക്കെടുത്ത ഉസ്മാന്റെ കനത്ത ഷോട്ട് ഗോളിയെ മറികടന്ന് നെറ്റിലേക്ക്. ഗോള്‍ വീണതോടെ കേരളം ഫോമിലേക്കുയര്‍ന്നു. 17ാം മിനുട്ടില്‍ കണ്ണന്‍ ലീഡ് ഉര്‍ത്തി. ഉസ്മാന്‍ നല്‍കിയ പാസ് ഉത്തര്‍പ്രദേശ് പ്രതിരോധത്തിലെ പഴുതിലൂടെ കണ്ണന്‍ നിറയൊഴിച്ചപ്പോള്‍ ഗോളി കാഴ്ചക്കാരനായി. തൊട്ടടുത്ത മിനുട്ടില്‍ വിനീത് നല്‍കിയ പാസുമായി കണ്ണന്‍ പ്രതിരോധനിരയെ വെട്ടിച്ച് പന്തുമായി ബോക്‌സിലേക്ക് കയറിയെങ്കിലും ഷോട്ടെടുക്കാനൊരുങ്ങിയ കണ്ണന്റെ ഇടതുകാലില്‍ നിന്ന് ബൂട്ട് ഊരിത്തെറിച്ചു. കളിയില്‍ കേരളം മാനസികമായ ആധിപത്യം നേടിയതോടെ യുപി പ്രതിരോധത്തിലേക്ക് വലിഞ്ഞു. 24ാം മിനുട്ടില്‍ യുപി കേരള ഗോള്‍മുഖത്ത് മിന്നലാക്രമണം നടത്തി.
26ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ഷിബിന്‍ലാല്‍ പന്തുമായി നടത്തിയ മുന്നേറ്റം കേരളത്തിന്റെ മൂന്നാം ഗോളിന് വഴിവെച്ചു. പ്രതിരോധ നിരയെ മറികടന്ന് ബോക്‌സിനുള്ളില്‍ പന്തുമായി മുന്നേറിയ ഷിബില്‍ലാലിന്റെ കൃത്യതയാര്‍ന്ന ഷോട്ട് ഗോളിയെ മറികടന്നു.
31ാം മിനുട്ടില്‍ യു പി ഗോളടിക്കാനുള്ള അവസരം നഷ്ടമാക്കി. അടുത്ത മിനുട്ടില്‍ പന്തുമായി ഒറ്റക്ക് മുന്നേറിയ കണ്ണന്‍ ഗോള്‍ മുഖത്തേക്ക് നല്‍കിയ പാസ് കണക്ട് ചെയ്യാന്‍ ആളില്ലാതെ പോസ്റ്റില്‍ തൊട്ടുരുമ്മി പുറത്തേക്ക് പോയി. 35ാം മിനുട്ടില്‍ പെനാല്‍റ്റി ഏരിയക്ക് തൊട്ടടുത്തു നിന്ന് ലഭിച്ച ഫ്രികിക്ക് യു പിക്ക് ഗോളാക്കാനായില്ല. കേരളം പിന്നീട് നടത്തിയ മുന്നേറ്റങ്ങള്‍ക്ക് പക്ഷെ ലക്ഷ്യബോധമോ ഒത്തിണക്കമോ ഉണ്ടായിരുന്നില്ല.
പ്രത്യാക്രമണങ്ങളിലൂടെ കേരളത്തെ വിറപ്പിച്ച യു പി ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ഗോള്‍വല ചലിപ്പിച്ചു. ഇടതുവിംഗിലൂടെയുള്ള യു പിയുടെ മുന്നേറ്റത്തിനൊടുവില്‍ ബിരു യാദവിന്റെ ഒരു ഷോട്ട് ഗോളി ജീന്‍ക്രിസ്റ്റിയന്‍ ചാടിയുയര്‍ന്ന് തട്ടിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് ഗോളിക്ക് എഴുന്നേല്‍ക്കാന്‍ കഴിയും മുമ്പേ ബിരുയാദവ് ഗോള്‍ വലയിലേക്ക് കോരിയിട്ടു.
രണ്ടാം പകുതിയില്‍ കേരളത്തിന്റെയും യു പിയുടെയും മറ്റൊരു മുഖമാണ് കണ്ടത്. യു പി പന്തിന്റെ നിയന്ത്രണം കൈയടക്കുന്നതിലും കളി ആസൂത്രണത്തിലും മികവ് കാണിച്ചപ്പോള്‍ കേരളത്തിന്റെ പ്രതിരോധവും മുന്നേറ്റവും അവിശ്വസനീയമാം വിധം ദുര്‍ബലമായി. ഇതിനിടെ കേരളം തുറന്ന ഗോളവസരം പാഴാക്കി. ഗോള്‍മുഖത്തേക്ക് സുമേഷ് നല്‍കിയ പാസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ കണ്ണനും ഉസ്മാനും കണക്ട് ചെയ്യാന്‍ കഴിയാതെ പുറത്തേക്ക് പോയി. 57-ാം മിനുട്ടില്‍ ഷിബിന്‍ലാലിന് പകരം നസറുദ്ദീന്‍ ഇറങ്ങി. 26ാം മിനിറ്റില്‍ വിനീത് വലതു വിംഗിലൂടെ മുന്നേറിയ ജോണ്‍സണ്‍േ പ്രതിരോധക്കാരെ മറികടന്ന് നെറ്റിലേക്ക് പായിച്ച തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടി പുറത്തേക്ക് മൂളിപ്പറന്നു. സഹതാരങ്ങള്‍ക്ക് പന്ത് കൈമാറാതെ ഒറ്റക്ക് ഗോളടിക്കാനാണ് രണ്ടാം പകുതിയില്‍ ഉടനീളം കേരളത്തിന്റെ കളിക്കാര്‍ ശ്രമിച്ചത്.
27ാം മിനുട്ടില്‍ കണ്ണന് പകരം അഹമ്മദ് മാലിക്ക് ഇറങ്ങി. 38ാം മിനിറ്റില്‍ സൂര്‍ജിത് എടുത്ത കോര്‍ണര്‍ കിക്ക് ജോണ്‍സണ് മുന്നില്‍ ഗോളവസരം തുറന്നെങ്കിലും ഗോളി സുദീപ്കുമാര്‍ സിംഗ് പന്ത് ഉജ്വലമായി സേവ് ചെയ്തു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഉസ്മാന്റെ രണ്ട് ഷോട്ടുകളും പാഴായി.
44ാം മിനിറ്റില്‍ ഷെറിന്‍ സാമിന്റെ ഒരു ഫൗളിന് പിഴയായി ലഭിച്ച ഫ്രീകിക്ക് വിവേക് സിംഗ് കെയ്‌റ കേരളത്തന്റെ പ്രതിരോധമതിലിലുണ്ടായ വിള്ളലിലൂടെ നെറ്റിലേക്ക് അടിച്ചു കയറ്റി.
ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ജമ്മു കാശ്മീരിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഹരിയാന തകര്‍ത്തുവിട്ടു. ഹരിയാനക്ക് വേണ്ടി വികാസ് രണ്ടു ഗോളും വിവേക് കുമാര്‍ ഒരു ഗോളും നേടിയപ്പോള്‍ കാശ്മീരിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത് രോഹിത്കുമാറാണ്.

 

---- facebook comment plugin here -----

Latest