രാജീവ് ഗാന്ധി വധക്കേസ്: വധ ശിക്ഷ നടപ്പാക്കരുതെന്ന് ജസ്റ്റിസ് കെ.ടി തോമസ്

Posted on: February 24, 2013 12:52 pm | Last updated: February 26, 2013 at 8:36 am

JUSTICE K.T THOMAS

കോട്ടയം: രാജീവ് ഗാന്ധിയുടെ ഘാതകരായ മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കരുതെന്ന് വധശിക്ഷ വിധിച്ച സുപ്രീംകോടതി ബഞ്ചിന്റെ തലവനായിരുന്ന ജസ്റ്റിസ് കെ ടി തോമസ്. 22 വര്‍ഷം തടവില്‍ കഴിഞ്ഞവര്‍ക്ക് ഇനി വധശിക്ഷ കൂടി നല്‍കിയാല്‍ അത് ഇരട്ട ശിക്ഷയാകുമെന്നും, ഭരണഘടനാവിരുദ്ധമാകും അതെന്നും അദ്ദേഹം പറഞ്ഞു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേസിലെ പ്രതികളായ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുതെന്നാണ് ജസ്റ്റിസ് കെ ടി തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ ദയാഹരജി തള്ളിയ നടപടി രാഷ്ട്രപതി പുനപരിശോധിക്കണം. ശിക്ഷ വിധിച്ചതിന് ശേഷം 22 വര്‍ഷം കടന്നുപോയി. ജീവപര്യന്തത്തേക്കാള്‍ കൂടുതല്‍ ശിക്ഷ പ്രതികള്‍ ഈ കാലയളവില്‍ അനുഭവിച്ചു. 2010ല്‍ മറ്റൊരു കേസില്‍ ജസ്റ്റിസ് എസ് പി സിന്‍ഹയുടെ വിധിയില്‍ പ്രതികളുടെ മുന്‍കാല ജീവിതവും മറ്റും ശിക്ഷ നല്‍കുമ്പോള്‍ പരിഗണിക്കണമെന്നു പറയുന്നു. 1983ലെ ഭരണഘടന ബില്ലിനനുസരിച്ചാണ് സിന്‍ഹ വിധി പ്രസ്താവിച്ചത്. തങ്ങളുടെ വിധി പ്രസ്താവനയുടെ അന്ന് ഈ രീതി പരിഗണിച്ചില്ല. ഒന്നുകില്‍ ജീവപര്യന്തം അല്ലങ്കില്‍ വധശിക്ഷ എന്ന രണ്ട് ശിക്ഷകള്‍ മാത്രമെ ഈ കുറ്റത്തിന് നല്‍കാനാവുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ 22 വര്‍ഷം കഴിഞ്ഞതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്നും കെ ടി തോമസ് ആവശ്യപ്പെട്ടു. എന്നാല്‍ നളിനിക്ക് വധശിക്ഷ നല്‍കുന്നതിനെ വിയോജിച്ച് ജസ്റ്റിസ് കെ ടി തോമസ് വിധിയില്‍ എഴുതിയിരുന്നു. ഈ വിയോജനക്കുറിപ്പ് പരിഗണിച്ചാണ് രാഷ്ട്രപതി നളിനിയുടെ വധശിക്ഷ റദ്ദാക്കിയത്.