Connect with us

Kasargod

ധര്‍മ്മടത്ത് സമാധാനം പുലരാന്‍ ധാരണ; അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

Published

|

Last Updated

തലശ്ശേരി: കഴിഞ്ഞ രണ്ട് ദിവസമായി ധര്‍മ്മടം മീത്തലെ പീടികയിലും പരിസരങ്ങളിലുമുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന് വിരാമമാകുന്നു. ഇന്നലെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
പോലീസ് സാന്നിധ്യത്തില്‍ സി പി എം, ബി ജെ പി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ സമാധാനം പാലിക്കാന്‍ ധാരണയായി. തലശ്ശേരി സി ഐ. എം പി വിനോദ്, ധര്‍മ്മടം എസ് ഐ രാജഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. പ്രശ്‌നങ്ങളുണ്ടായാല്‍ നേതാക്കള്‍ ഇടപെട്ട് പരിഹരിക്കും, നിസാര പ്രശ്‌നങ്ങള്‍ പര്‍വതീകരിക്കാതെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചു. സി പി എം നേതാക്കളായ പി എം പ്രഭാകരന്‍, ടി അനില്‍, കുന്നുമ്മല്‍ ശശി, ആര്‍ എസ് എസ് നേതാക്കളായ ഒ എം സജിത്ത്, ശ്യാംമോഹന്‍ എന്നിവരും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുന്നുമ്മല്‍ ചന്ദ്രന്‍, പഞ്ചായത്തംഗം പി ടി സനല്‍കുമാര്‍ എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന അക്രമക്കേസുകളിലെ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 308 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ധര്‍മ്മടം യു എസ് കെ റോഡില്‍ വെച്ച് സി പി എം പ്രവര്‍ത്തകനായ സജ്മീറിനെ അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ കണ്ടാലറിയാവുന്ന 20 ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയും വെള്ളിയാഴ്ച രാത്രി ധര്‍മ്മടം അട്ടാരക്കുന്നിലെ ബി ജെ പി പ്രവര്‍ത്തകന്‍ നിഖില്‍, സഹോദരന്‍ നിജില്‍, സുഹൃത്ത് പ്രമോദ് എന്നിവരെ അക്രമിച്ച കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. ഇവരില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സി പി എം പ്രവര്‍ത്തകനും റിട്ടയേര്‍ഡ് അധ്യാപകനുമായ അട്ടാരക്കുന്നിലെ പ്രകാശ് മോഹന്റെ വീട് അക്രമിച്ച കേസില്‍ 10ഓളം ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Latest