Connect with us

Kozhikode

മെഡിക്കല്‍ കോളജില്‍ രോഗിയുടെ പല്ലുകള്‍ മാറിപ്പറിച്ചു

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജ് ദന്താശുപത്രിയില്‍ അണപ്പല്ല് പറിക്കാനെത്തിയ രോഗിയുടെ മുന്‍നിരയിലെ മൂന്ന് പല്ലുകള്‍ മാറിപ്പറിച്ചു. മലപ്പുറം വെളിമുക്ക് സ്വദേശി കോഴിപറമ്പത്ത് അലവിക്കുട്ടിയുടെ മകള്‍ മൈമൂന (30)യുടെ പല്ലുകളാണ് മാറിപ്പറിച്ചത്. അസഹ്യമായ വേദനയെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മൈമൂന കോഴിക്കോട് ഗവ. ദന്തല്‍ കോളജില്‍ ചികിത്സക്കെത്തിയത്. പരിശോധനക്കു ശേഷം പല്ല് പറിക്കാനായി ഇന്നലത്തേക്ക് തീയതി കുറിച്ചു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യുവതി ആശുപത്രിയിലെത്തിയിരുന്നത്. പല്ല് പറിക്കാനായി മുന്‍നിരയിലെ പല്ലുകള്‍ മരവിപ്പിക്കുന്നതിനായി ഇഞ്ചക്ഷന്‍ കൊടുത്തപ്പോള്‍ തനിക്ക് അണപ്പല്ലാണ് പറിക്കേണ്ടതെന്ന് രോഗി പറഞ്ഞിരുന്നുവത്രെ. എന്നാല്‍, ഇത് വകവെക്കാതെ മുന്‍നിരയിലെ മൂന്ന് പല്ലുകള്‍ പറിച്ചെടുത്തതായാണ് പരാതി. അതെ സമയം, പല്ല് പറിക്കുന്നതിനുള്ള നിരവധി രോഗികളുടെ ശീട്ടുകള്‍ ഒന്നിച്ചുവെച്ചതാണ് പല്ല് പറിച്ചത് മാറിപ്പോകാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രശ്‌നം വിവാദമായതിനെത്തുടര്‍ന്ന് രോഗിയുടെ തുടര്‍ ചികിത്സക്കാവശ്യമായ ചെലവും നഷ്ടപരിഹാരവും ആശുപത്രി വഹിക്കുമെന്ന് ദന്തല്‍ കോളജ് സൂപ്രണ്ട് ഡോ. സുരേഷ്‌കുമാര്‍ അറിയിച്ചു.

Latest