ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മനാട്ടില്‍ ഗംഭീര സ്വീകരണം

Posted on: February 24, 2013 7:34 am | Last updated: February 24, 2013 at 7:34 am

ന്യൂഡല്‍ഹി/റോം: രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മനാട്ടില്‍ ഗംഭീര സ്വീകരണം. പധാനമന്ത്രിയും പ്രതിരോധമന്ത്രിയുമടമുള്ള പ്രമുഖര്‍ റോമിലെ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഇരുവരും ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്. കെ എല്‍ എം എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഇറ്റാലിയന്‍ നാവികരായ മാസി മിലാനോ ലത്തോറ, സാല്‍വത്തോറ ജിറോണ്‍ എന്നിവര്‍ ഇറ്റലിയിലേക്ക് തിരിച്ചു. പാസ്‌പോര്‍ട്ട് കൊല്ലം കോടതിയില്‍ നിന്നും ആഭ്യന്തര വകുപ്പിന് ലഭിക്കാത്തതിനാല്‍ താല്‍ക്കാലിക രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു യാത്ര.
ആംസ്റ്റര്‍ഡാം വഴി ഇന്ത്യന്‍സമയം വൈകിട്ട് നാലരയോടെ നാവികര്‍ റോമിലെത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി, പ്രതിരോധമന്ത്രി ജിയാംപോളോ, എന്നിവര്‍ നാവികരെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. കടല്‍കൊലപാതക കേസിലെ പ്രതികളായ നാവികരെ ഇറ്റലിയില്‍ പോകാന്‍ അനുവദിച്ച സുപ്രീം കോടതി ഉത്തരവ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇറ്റലിയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് അനുമതി നല്‍കിയത്.