Connect with us

National

സ്‌ഫോടനത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കി: കേന്ദ്രം

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് തലസ്ഥാനമായ ഹൈദരാബാദിലെ ദില്‍സൂഖ് നഗര്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചു. 12 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മോര്‍ച്ചറിയിലുള്ള രണ്ട് മൃതദേഹങ്ങളില്‍ ഒരെണ്ണം തിരിച്ചറിഞ്ഞു. ഉസ്മാനിയ ആശുപത്രിയില്‍ 37 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.
അതിനിടെ, തീവ്രവാദ ആക്രമണത്തെക്കുറിച്ച് ഹൈദരാബാദ് പോലീസിന് പ്രത്യേക മുന്നറിയിപ്പ് കൈമാറിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് മുന്നറിയിപ്പ് കൈമാറിയതെന്നും ഹൈദരാബാദിനൊപ്പം ബംഗളൂരു, കോയമ്പത്തൂര്‍, ഹുബ്ലി എന്നീ നഗരങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 19നും 20നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അജ്മല്‍ കസബിന്റെയും അഫ്‌സല്‍ ഗരുവിന്റെയും ശിക്ഷ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ പാക് തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണം നടത്താന്‍ മുതിരുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
എന്നാല്‍, പ്രത്യേകമായ യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി പ്രതികരിച്ചത്. പൊതു മുന്നറിയിപ്പുകള്‍ പലപ്പോഴും ലഭിക്കാറുണ്ടെന്നും അതിലപ്പുറം പ്രാധാന്യമുള്ള സന്ദേശമൊന്നും കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചില്ലെന്നും റെഡ്ഢി പറഞ്ഞു.
ഇന്നലെ ബോംബ് സ്‌ഫോടനങ്ങളുണ്ടായ സ്ഥലങ്ങള്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചുകഴിഞ്ഞതായും ഇപ്പോള്‍ ഇതേ കുറിച്ച് കൂടുതല്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ സ്‌ഫോടനമുണ്ടാകുമെന്ന് പ്രത്യേക വിവരമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് രണ്ട് മൂന്ന് ദിവസം മുമ്പ് രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, പോലീസ് പരാജയപ്പെട്ടെന്ന് പറയാനാകില്ല. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന് പങ്കുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഷിന്‍ഡെ തയ്യാറായില്ല.
ഇന്നലെ രാവിലെയാണ് സ്‌ഫോടനമുണ്ടായ ദില്‍സൂഖ് നഗറില്‍ ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍, മുഖ്യമന്ത്രി എന്‍ കിരണ്‍കുമാര്‍ റെഡ്ഢി, സംസ്ഥാന ആഭ്യന്തര മന്ത്രി സബിത ഇന്ദ്ര റെഡ്ഢി എന്നിവരൊടൊപ്പം ഷിന്‍ഡെ സന്ദര്‍ശനം നടത്തിയത്. ഇതിനു ശേഷം പരുക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും ഷിന്‍ഡെയും സംഘവും സന്ദര്‍ശിച്ചു.
ഹൈദരാബാദ്- വിജയവാഡ ദേശീയപാതക്ക് സമീപം കൊണാര്‍ക്, വെങ്കടാദ്രി തിയേറ്ററുകള്‍ക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് രണ്ട് സ്‌ഫോടനങ്ങളുണ്ടായത്. മോട്ടോര്‍ സൈക്കിളുകളില്‍ സൂക്ഷിച്ചിരുന്ന ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 11 പേര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.