Connect with us

International

അഭ്യൂഹങ്ങള്‍ക്ക് വിട; ഹ്യൂഗോ ഷാവേസ് തിരിച്ചെത്തി

Published

|

Last Updated

കാരക്കസ്: അര്‍ബുദത്തെ തുടര്‍ന്ന് രണ്ട് മാസത്തോളം ക്യൂബയില്‍ ചികിത്സയിലായിരുന്ന വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് നാട്ടില്‍ തിരിച്ചെത്തി. 58 കാരനായ ഷാവേസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് തിരിച്ചുവരവ്. “വീണ്ടും ഞാന്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ അവസരത്തില്‍ ദൈവത്തിനും എന്നെ സ്‌നേഹിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ചികിത്സ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട് അത് ഇവിടെ വെച്ച് തന്നെ തുടുരും” -ട്വിറ്റര്‍ സന്ദേശത്തിലൂടെ ഷാവേസ് അറിയിച്ചു.
നവംബര്‍ ഒന്നിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ഇത്തരത്തിലൊരു സന്ദേശം അയക്കുന്നത്. ഷാവേസ് ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം 2.30ന് ക്യൂബയില്‍ നിന്ന് വിമാന മാര്‍ഗം കാരക്കസിലേക്ക് പോയിട്ടുണ്ടെന്നും വീണ്ടും രാജ്യത്തെ നയിക്കാന്‍ അദ്ദേഹം എത്തുന്നതില്‍ രാജ്യം ഏറെ സന്തോഷത്തിലാണെന്നും വൈസ് പ്രസിഡന്റ് നികോളാസ് മദുരോ അറിയിച്ചു. പ്രസിഡന്റിന്റെ അഭാവത്തില്‍ മദുരോക്കായിരുന്നു ഭരണ നിര്‍വഹണ ദൗത്യം.
ഷാവേസ് തിരിച്ചെത്തിയതോടെ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് അനുയായികള്‍ ആഹ്ലാദ പ്രകടനം നടത്തി. തലസ്ഥാനമായ കാരക്കസിലും സമീപത്തും വന്‍ ഘോഷയാത്രകളാണ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2011ലാണ് ഷാവേസിന് പെല്‍വിക് ക്യാന്‍സര്‍ ബാധിച്ചതായി പരിശോധനയില്‍ വ്യക്തമായത്. പിന്നീട് അദ്ദേഹത്തിന്റെ നട്ടെല്ലിന്റെ ഇടുപ്പുമായി ചേരുന്ന ഭാഗത്തിന് ചുറ്റുമുള്ള നാഡികള്‍ ഞെരുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയുണ്ടായതോടെ വിദഗ്ധ ചികിത്സക്കായി ക്യൂബയിലേക്ക് പോകുകയായിരുന്നു. ഇതുവരെ നാല് ഘട്ടങ്ങളിലായി അദ്ദേഹത്തിന് ക്യൂബയില്‍ ചികിത്സ നടത്തി. അവസാനമായി ഡിസംബറിലാണ് അദ്ദേഹം ക്യൂബയിലേക്ക് പോയത്.
ഡിസംബര്‍ 11ന് ചികിത്സക്കായി താന്‍ ക്യൂബയിലേക്ക് പോകുന്നുവെന്ന സന്ദേശം നല്‍കിയശേഷം പിന്നീട് ഒരു സന്ദേശവും അറിയിച്ചിരുന്നില്ല. അതിനിടെ, അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും ആഴ്ചകള്‍ക്കുള്ളില്‍ മരിക്കുമെന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങി. ഇതോടെ അദ്ദേഹത്തിന്റെ അനുയായികള്‍ ആശയക്കുഴപ്പത്തിലായി. വെനിസ്വേലന്‍ തെരുവുകളില്‍ ഷാവേസിന് ആരോഗ്യം നേര്‍ന്ന് കൊണ്ട് കൂറ്റന്‍ ബാനറുകളും പ്രത്യക്ഷപ്പെട്ടു.
13 വര്‍ഷക്കാലം വെനിസ്വേലയെ നയിച്ച ഷാവേസ് കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്ത ആറ് വര്‍ഷക്കാലത്തെ ഭരണം ഔദ്യോഗികമായി ഏറ്റെടുക്കേണ്ട ചടങ്ങ് കഴിഞ്ഞ മാസമായിരുന്നു നടക്കേണ്ടിയിരുന്നത്. ചികിത്സയിലായതിനാല്‍ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നീട്ടിവെക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Latest