യുദ്ധക്കുറ്റം: ബംഗ്ലാദേശില്‍ ജമാഅത്ത് പ്രക്ഷോഭം അക്രമാസക്തമായി

Posted on: February 19, 2013 8:41 am | Last updated: March 1, 2013 at 10:49 pm

ധാക്ക: യുദ്ധക്കുറ്റം ചുമത്തി നേതാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാദേശില്‍ തുടരുന്ന പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുന്നു. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം വിവിധയിടങ്ങളില്‍ പോലീസുമായുള്ള ഏറ്റമുട്ടലുകളിലാണ് കലാശിക്കുന്നത്. ഇന്നലെ ജമാഅത്തെ ഇസ്‌ലാമി രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനിടെ നടന്ന പ്രകടനം അക്രമാസക്തമായി.
തുടര്‍ന്നുള്ള പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദക്ഷിണ കിഴക്കന്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ വെള്ളിയാഴ്ച നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ജമാഅത്തെ ഇസ്‌ലാമി ഇന്നലെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. രണ്ടാഴ്ചയിലേറെയായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
1971ലെ ബംഗ്ലാദേശ്-പാക് യുദ്ധത്തിനിടെ രാജ്യദ്രോഹക്കുറ്റം ചെയ്തുവെന്ന കുറ്റത്തിന് ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവ് അബുല്‍ കമാല്‍ ആസാദിനെ സുപ്രീം കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. ജമാഅത്തിന്റെ നിലവിലെ മേധാവിയും മുന്‍ മേധാവിയുമുള്‍പ്പെടെ എട്ട് പേര്‍ ഇതേ കുറ്റത്തിന് വിചാരണ നേരിടുകയാണ്. വിധി രാജ്യത്ത് രണ്ട് തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടയാക്കി. ആസാദിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് യുവാക്കളും ഭരണപക്ഷ പാര്‍ട്ടികളും പ്രക്ഷോഭം ആരംഭിച്ചതിന് പിറകെയാണ് കടുത്ത പ്രതിഷേധവുമായി ജമാഅത്തെ ഇസ്‌ലാമി രംഗത്തെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനും തലസ്ഥാനമായ ധാക്ക വേദിയായി.
അതേസമയം രാജ്യത്ത് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിവെച്ചു. സംഘടനക്കെതിരെ രംഗത്തെത്തിയ പ്രശസ്ത ബ്ലോഗര്‍ അഹ്മദ് റാജിബ് ഹൈദര്‍ കൊല്ലപ്പെട്ടതോടെയാണ് ശക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് നിയമ വകുപ്പ് മന്ത്രി ശഫീഖ് അഹ്മദ് കഴിഞ്ഞ ദിവസം പറഞ്ഞു.