Connect with us

Articles

പ്രതീകാത്മക വധശിക്ഷയും പകപോക്കലിന്റെ രാഷ്ട്രീയവും

Published

|

Last Updated

കേരള നിയമസഭാ ലൈബ്രറിയില്‍ അതിക്രമിച്ചുകടന്ന മൂര്‍ഖന്‍ പാമ്പിനെ സ്പീക്കര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ വിദഗ്ധ പാമ്പുപിടിത്തക്കാരനെ വിളിച്ചുവരുത്തി പിടികൂടി എന്നു പത്രവാര്‍ത്ത. ലൈബ്രറിയിലേക്ക് തിരിഞ്ഞുനോക്കാന്‍ മനുഷ്യരാരും ഇല്ലെന്നു വന്നപ്പോള്‍ മൂര്‍ഖന്‍ അങ്ങോട്ടു കടന്നുകയറിയതില്‍ അസാധാരണമായി ഒന്നുമില്ല. ഇതിലൊക്കെ മുന്തിയ വിഷം ഉള്ള ഇനങ്ങള്‍ എത്രയോ എണ്ണം നിയമസഭയില്‍ ജനപ്രതിനിധികളായി ഇരുപ്പുറപ്പിച്ചിട്ടുള്ളതുകൊണ്ടുകൂടിയാകാം അതിക്രമിച്ചുകടന്ന പാമ്പിന് ആരും വധശിക്ഷ വിധിക്കുകയുണ്ടായില്ല.

അല്ലെങ്കിലും ഈ വധശിക്ഷ ഒരു മാതിരി തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന ഏര്‍പ്പാടാണെന്ന് ആര്‍ക്കാണ് അറിയാത്തത്? ഒരു കാലത്ത് ലോകമെങ്ങും പോയി കൊല്ലും കൊലയും ഒരു കലാപരിപാടി ആയി കൊണ്ടുനടന്നിരുന്ന യൂറോപ്യയന്‍ രാജ്യങ്ങള്‍ പോലും ഇന്ന് വധശിക്ഷ വേണ്ടെന്നു വെച്ചിരിക്കുകയാണ്. അതുകൊണ്ട് അത്തരം രാജ്യങ്ങളില്‍ കൊലപാതകക്കേസുകളോ തീവ്രവാദഭീഷണിയോ ഒന്നും വര്‍ധിച്ചതായിട്ടും കാണുന്നില്ല. കണ്ണിനുപകരം കണ്ണ്, ജീവനുപകരം ജീവന്‍, ഇത് നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനപ്രമാണമായി സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പ്രത്യക്ഷത്തില്‍ അതില്‍ ആരും ആരെയും കുറ്റം പറയേണ്ടതില്ല. പക്ഷേ അതോടൊപ്പം പരക്കേ സമ്മതി നേടിയ മറ്റൊരു തത്വമാണ് ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോയാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന തത്വം. ഇത് ലംഘിക്കപ്പെടുമ്പോള്‍ നീതിന്യയ വ്യവസ്ഥയിലുള്ള വിശ്വാസം തന്നെ പൊതു സമൂഹത്തിനു നഷ്ടപ്പെട്ടു എന്നുവരും. ബുദ്ധിജീവികളും മറ്റും ഇതിനെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തുവന്നെന്നു വരും. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ പ്രതിയാക്കെപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടന്ന തൊട്ടടുത്ത ദിവസം തന്നെ പ്രസിദ്ധ എഴുത്തുകാരി അരുന്ധതി റോയി ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ചത് അത്തരം കാമ്പുള്ള ഒരു വിമര്‍ശനമായിരുന്നു. (അ ജലൃളലര േഉമ്യ ളീൃ റലാീരൃമരല്യ, ഒശിറൗ 10വേ എലയൃൗമൃ്യ 2013)
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക, കിട്ടിയവന്‍ കട്ടവനാണെങ്കില്‍ തന്നെ ഉയരങ്ങളില്‍ നിന്ന് സമ്മര്‍ദം മുറുകുമ്പോള്‍ വിട്ടയക്കുക- ഇതെല്ലാം ഇവിടെ പതിവാണ്. പോലീസുകാര്‍ മാത്രമല്ല ഉന്നത നീതിപീഠങ്ങളെ അലങ്കരിക്കുന്ന ന്യായാധിപന്മാര്‍ പോലും ഭരണകൂടത്തിന്റെ ഒത്താശകളെ ആശ്രയിച്ചു നിലനില്‍ക്കുന്ന നമ്മുടെതു പോലുള്ള ഒരു വ്യവസ്ഥിതിയില്‍ ഇതൊക്കെ ഇങ്ങനെ ആയിരിക്കുക തന്നെ ചെയ്യും.
എല്ലാ കൊലപാതകികളും വധശിക്ഷ അര്‍ഹിക്കുന്നില്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായവക്കു മാത്രം വധശിക്ഷ മതി എന്നുമുള്ള നിഗമനത്തിലാണ് നമ്മുടെ നീതിപീഠങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുളളത്. നല്ല കാര്യം തന്നെ. പക്ഷേ, ഇപ്പോള്‍ അപൂര്‍വം ചില കേസുകളിലെങ്കിലും ഇതിനു വിരുദ്ധമായ സമീപനം പുലര്‍ത്തുന്നതായി തോന്നുന്നു. കരുതല്‍ തടവുകാരനായി ഒരു പത്ത് വര്‍ഷം, വിചാരണ തുടങ്ങിയാല്‍ അതവസാനിക്കുന്നതു വരെ മറ്റൊരു പത്ത് വര്‍ഷം, വധശിക്ഷയാണ് അന്തിമമായി വിധിക്കുന്നത് എങ്കില്‍ പോലും അത് നടപ്പിലാക്കി കിട്ടാന്‍ മറ്റൊരു പത്ത് വര്‍ഷം. ഒടുവില്‍ വിട്ടയക്കപ്പെട്ടാല്‍ തന്നെ ബഷീറിന്റെ ആ കഥാപാത്രത്തെ പോലെ ആരും ചോദിച്ചുപോകും. “ഹൂ വാന്‍ട്‌സ് ദിസ് ഫ്രീഡം”- (ആര്‍ക്കാണീ സ്വാതന്ത്ര്യം വേണ്ടത്?)”നമ്മുടെ അബദുന്നാസര്‍ മഅ്ദനിയെ പോലുള്ളവര്‍ ഇങ്ങനെ ഭരണകൂടത്താല്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ടും കേട്ടുമൊക്കെ നമ്മള്‍ പുറം ലോകത്ത് സ്വസ്ഥ ജീവിതം നയിക്കുന്നതോര്‍ത്ത് ലജ്ജിക്കുക തന്നെ വേണം. ഒരു കാട്ടുനീതിയാണോ നമ്മളിപ്പോഴും പുലര്‍ത്തിപ്പോരുന്നത്?
കൊലപാതകങ്ങളെല്ലാം ഒരുപോലെയല്ല. സഹജീവികളുടെ ജീവനും സ്വത്തും കവര്‍ന്നെടുക്കുക എന്ന സ്വാര്‍ഥ ലക്ഷ്യത്തോടെ കൊലക്കു മുതിരുന്നവനും അസംബ്ലി മന്ദിരത്തില്‍ നുഴഞ്ഞുകയറിയ മൂര്‍ഖന്‍ പാമ്പും ഒരു പോലെ അല്ല. എന്നാല്‍ സമൂന്നതമെന്ന് അവര്‍ കരുതുന്ന ചില ആദര്‍ശങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി ഭരണകൂടവുമായി ഏറ്റുമുട്ടി ആദ്യം മറ്റുള്ളവരുടെ മരണത്തിനും അവസാനം തങ്ങളുടെ തന്നെ മരണത്തിനും വഴിയൊരുക്കുന്ന തീവ്രവാദികളുടെ കാര്യം ഒരു സാമൂഹിക രാഷ്ട്രീയ പ്രശ്‌നമായി വേറിട്ടു കാണണം. തീവ്രവാദ മുദ്ര ചാര്‍ത്തപ്പെട്ട ആരെയും വധിക്കാന്‍ അവര്‍ ആരെയെങ്കിലും കൊല്ലണമെന്നുപോലുമില്ല. ഭരണകൂട താത്പര്യങ്ങളെ വെല്ലുവിളിക്കുന്ന ആരുടെയും കഴുത്തില്‍ മരണക്കുരുക്ക് മുറുക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ അത്ര പ്രയാസമൊന്നുമില്ല. ഇതുതന്നെയായിരുന്നല്ലോ സോക്രട്ടറീസിന്റെയും ഭഗത്‌സിംഗിന്റെയും മറ്റനേകം ആദര്‍ശധീരന്മാരുടെയും കാര്യത്തില്‍ സംഭവിച്ചത്.
2013 ഫെബ്രവരി 9ന് രാവിലെ ഡല്‍ഹി തീഹാര്‍ ജയിലില്‍ തൂക്കിക്കൊല്ലപ്പെട്ട അഫ്‌സല്‍ ഗുരുവിനെയും മേല്‍പ്പറഞ്ഞ ആദര്‍ശധീരന്മാരുടെ നിരയിലേക്കുയര്‍ത്താനുള്ള ബോധപൂര്‍മല്ലാത്ത ശ്രമം ഇന്ത്യന്‍ ഭരണകൂടം സൃഷ്ടിക്കുകയായിരുന്നില്ലേ എന്നു സംശയം ഉളവാക്കുന്ന തരത്തിലാണ് തുടര്‍ന്നു നടന്ന മാധ്യമ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കാശ്മീരിലും മറ്റും ഇതിനകം തന്നെ ഈ വഴിക്കുള്ള തുറന്ന നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പോലും അമര്‍ഷം മറ നീക്കി പ്രകടിപ്പിക്കുകയുണ്ടായി. വധശിക്ഷക്ക് അനുകൂലവും പ്രതികൂലവുമായി ചേരിതിരിഞ്ഞു നടക്കുന്ന പ്രകടനങ്ങളും മറ്റും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇപ്പോള്‍ തന്നെ അപകട രൂപം പ്രാപിച്ചുകഴിഞ്ഞ സാമൂദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുകയേയുള്ളു.
തീവ്രവാദികള്‍ ഭരണകൂടത്തിനെതിരെ നടത്തുന്ന ബലപ്രയോഗത്തില്‍ എന്നതു പോലെ ഭരണകൂടം നടപ്പിലാക്കുന്ന വധശിക്ഷകളിലും കൃത്യമായ നീതി നിറവേറ്റല്‍ എന്നതിനപ്പുറമുള്ള ഒരു തരം പ്രതീകാത്മകത്വം നിറഞ്ഞുനില്‍പ്പുണ്ട്. 2001 ഡിസംബര്‍ 13ന് പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് ഇടിച്ചുകയറിയ തീവ്രവാദികള്‍ മന്ദിരത്തെ ഒരു പ്രതീകമായി കണ്ടിരുന്നിരിക്കണം. ദീര്‍ഘകാലമായി ഇന്ത്യന്‍ സൈനികര്‍ കാശ്മീര്‍ താഴ്‌വരയില്‍ അവിടുത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെയും കാശ്മീരിന്റെ സ്വയംഭരണാവകാശമെന്ന മുദ്രാവാക്യം ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഇത്തരം ഒരു പ്രതീകാത്മക ഏറ്റുമുട്ടല്‍ പ്രയോജനപ്പടും എന്നവര്‍ വിശ്വസിച്ചിരിക്കാം.
ഇത്തരം പ്രതീകാത്മക പ്രക്ഷോഭങ്ങള്‍ക്കു നേരെ കണ്ണടച്ചുപിടിച്ചുകൊണ്ട് സ്വന്തം ഉദരപൂരണം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന സ്വാര്‍ഥമതികളായ ലക്ഷോപലക്ഷങ്ങളെ ഒരു നിമിഷം ഞെട്ടിക്കുന്നതില്‍ രസം കെണ്ടത്തുന്ന പല തരത്തിലുള്ള രാഷ്ട്രീയ തീവ്രവാദ ശക്തികള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതീവ ശക്തരാണ്; പ്രത്യേകിച്ചും പിന്‍നില രാജ്യങ്ങളില്‍. തീവ്രവാദ ഗ്രൂപ്പുകളെ പിന്നില്‍ നിന്ന് സഹായിച്ച് ഏതു നിമിഷവും തങ്ങള്‍ക്കിടപെടാന്‍ പാകത്തില്‍ സ്വതന്ത്ര രാജ്യങ്ങളിലേ ആഭ്യന്തര പ്രശ്‌നങ്ങളെ കലുഷമാക്കി നിലനിര്‍ത്താന്‍ പാകത്തില്‍ ആയുധവും പണവും നല്‍കി സഹായിക്കാന്‍ പോലും അമേരിക്കന്‍ സാമ്രാജ്യത്വം ഫണം ഉയര്‍ത്തി നില്‍ക്കുന്നു.
ഇതൊന്നും മനസ്സിലാക്കാന്‍ ബുദ്ധിപരമായി കെല്‍പ്പില്ലാത്ത ശക്തികളാണ് ഒരു മുസ്‌ലീം നാമധാരി തൂക്കിലേറ്റപ്പെട്ടതിന്റെ പേരില്‍ ആഹ്ലാദനൃത്തം ചവിട്ടുകയും ലഡു വിതരണം ചെയ്യുകയുമൊക്കെ ചെയ്യുന്ന ആര്‍ എസ് എസ് ബജറംഗദള്‍ ശക്തികള്‍. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ഭൂരിപക്ഷ വോട്ടുകളെ സമാഹരിച്ചു നിര്‍ത്താന്‍ ഇത്തരം ചില പൊടിക്കൈകള്‍ സഹായിച്ചേക്കും എന്ന തിരിച്ചറിവാകാം വേഗത്തിലും രഹസ്യത്തിലും തീഹാര്‍ ജയിലില്‍ നടന്ന ഒടുവിലത്തെ ഈ തൂക്കികൊല്ലല്‍. പരിഷ്‌കൃത ലോകവ്യവസ്ഥയില്‍ തൂക്കിലേറ്റപ്പെടുന്ന വ്യക്തിക്കും അയാളുടെ ബന്ധുക്കള്‍ക്കും ലഭിക്കേണ്ട ചില പ്രാഥമിക മര്യാദകള്‍ പോലും ലംഘിക്കപ്പെട്ടു എന്നതാണ് അഫ്‌സല്‍ ഗൂരുവിന്റെ തൂക്കിലേറ്റത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയിരിക്കുന്നത്.
പാര്‍ലിമെന്റ് ഗേറ്റ് കടന്നെത്തി എട്ട് സെക്യൂരിറ്റി ഭടന്‍മാരെയും ഒരു പൂന്തോട്ട സൂക്ഷിപ്പുകാരനെയും വെടിയുതിര്‍ത്തു കൊന്നവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരും തത്സമയം കൊല്ലപ്പെട്ടു. അതൊരു ചാവേറാക്രമണം ആയിരുന്നു എന്ന് വ്യക്തം. ഒരു സമൂഹത്തില്‍ ചാവേറുകള്‍ എങ്ങനെ രൂപപ്പെടുന്നുവെന്നത് പഠനവിഷയമാക്കേണ്ടതുണ്ട്. ഇവരുടെ ബുദ്ധിയും തലച്ചോറുമായി പലപ്പോഴും പ്രവര്‍ത്തിക്കുന്നത് ഉയര്‍ന്ന ധിഷണാശേഷിയും വിദ്യാഭ്യാസ യോഗ്യതയും ഒക്കെയുള്ള എഴുത്തുകാരും ചിന്തകരും യൂനിവേഴ്‌സിറ്റി പ്രൊഫസറന്‍മാരും ഒക്കെയാണെന്നുള്ളതും ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പാര്‍ലിമെന്റ് ആക്രമണ സംഭവത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ പ്രഗത്ഭനായ ഒരു പ്രൊഫസര്‍ എസ് എ ആര്‍ ഗീലാനി ആയിരുന്നു എന്ന് അന്വേഷണ ഉദ്ദ്വോഗസ്ഥര്‍ കണ്ടത്തുകയുണ്ടായല്ലോ. ആരോപിത കുറ്റത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ പോയതിനാല്‍ ഗീലാനിയെ കോടതി ഈ കേസില്‍ വിട്ടയക്കുകയായിരുന്നു.
അന്വേഷകരുടെ കൈകള്‍ അഫ്‌സല്‍ ഗുരുവിലേക്കു നീണ്ടത് മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നാണ് അരുന്ധതീ റോയിയെപ്പോലുള്ളവരും ഹിന്ദു പത്രവും അതിന്റെ മുഖപ്രസംഗങ്ങള്‍ തയ്യാറാക്കുന്ന ലേഖകന്‍മാരും സമര്‍ഥിക്കുന്നത്. പാര്‍ലിമെന്റ് ആക്രമണ രംഗത്ത് പ്രത്യക്ഷപ്പെട്ട അക്രമിസംഘത്തോടൊപ്പം അഫ്‌സല്‍ ഗുരു ഉണ്ടായിരുന്നില്ല. പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലും അഫ്‌സല്‍ ഗുരുവിനെതിരെ ഇങ്ങനെ ഒരു കുറ്റം ആരോപിക്കുന്നില്ല. അഫ്‌സലിനു വധശിക്ഷ വിധിച്ച സുപ്രീം കോടതിയുടെ വിധിന്യായത്തിലും കുറ്റകൃത്യത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. കേവലം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ അഫ്‌സല്‍ ഈ കേസുമായി കണ്ണിചേര്‍ക്കപ്പെടുന്നതും തൂക്കുമരത്തിലേക്കു നയിക്കപ്പെട്ടതും രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച ഒരാക്രമണത്തില്‍ നടന്ന ഗൂഢാലോചനയുടെ പേരിലാണ്. ഈ സൈബര്‍ യുഗത്തില്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ എന്ന പോലെ വ്യാജമായി കുറ്റാരോപണം നടത്താനും തെളിവുകള്‍ നശിപ്പിക്കാന്‍ എന്നതുപോലെ തെളിവുകള്‍ ഉണ്ടാക്കാനും എതയോ എളുപ്പമാണ്.
അഫ്‌സല്‍ ഗുരുവില്‍ നിന്ന് പിടിച്ചെടുത്ത സിം കാര്‍ഡിലും ലാപ്‌ടോപ്പിലും പോലീസുകാരുടെ കൈകടത്തലുകള്‍ യഥാസ്ഥാനത്ത് നടത്തപ്പെട്ടിട്ടുണ്ടെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. ഭരണകൂടത്തിന്റെ ഇത്തരം വഴിവിട്ട തെളിവു നിര്‍മിക്കലുകളില്‍ അസ്വാഭാവികമായി യാതൊന്നും കാണാതെ ഈ കാശ്മീരി ചെറുപ്പക്കാരന്റെ തൂക്കിക്കൊലയില്‍ ഒരുപോലെ സന്തോഷിച്ച് ഒരേ തൂവല്‍പക്ഷികളായി പറക്കുന്ന കോണ്‍ഗ്രസ്സും ബി ജെ പിയും സി പി എമ്മുമൊക്കെ ഭാവിയില്‍ ദുഃഖിക്കേണ്ടിവന്നേക്കാം.

 

Latest