ബാഴ്‌സലോണക്കായ് മെസ്സിയുടെ 301ാം ഗോള്‍

Posted on: February 18, 2013 2:06 pm | Last updated: February 18, 2013 at 2:06 pm

MESSIമാഡ്രിഡ്: ബാഴ്‌സലോണയുടെ കുപ്പായത്തില്‍ 300ാം ഗോള്‍ തികച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവില്‍ ഗ്രനാഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ബാഴ്‌സലോണ ലാലീഗയിലെ മുന്നേറ്റം തുടരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങി പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മെസ്സി നേടിയ ഇരട്ട ഗോളിന്റെ മികവില്‍ തിരിച്ചടിച്ചാണ് കറ്റാലന്‍മാരുടെ കുതിപ്പ്. ഇതോടെ തന്റെ ഗോള്‍ നേട്ടം 301ല്‍ എത്തിക്കാനും അര്‍ജന്റൈന്‍ താരത്തിനായി.
കളി തുടങ്ങി 26ാം മിനുട്ടില്‍ ഓഡിയന്‍ ലാഫലോയിലൂടെ ഗ്രനാഡ ലീഡെടുത്ത് ബാഴ്‌സയെ പ്രതിരോധത്തിലാക്കി. ആദ്യ പകുതിയില്‍ കറ്റാലന്‍ സംഘത്തിന് ഗോള്‍ മടക്കാന്‍ സാധിച്ചതുമില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കഥ മാറി. കളി തുടങ്ങി അഞ്ച് മിനുട്ട് പിന്നിട്ടപ്പോള്‍ സെസ്‌ക് ഫാബ്രിഗസിന്റെ മുന്നേറ്റത്തില്‍ നിന്ന് മെസ്സി നാഴികക്കല്ലായ 300ാം ഗോളിലൂടെ ബാഴ്‌സക്ക് സമനില സമ്മാനിച്ചു. 73ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് സുന്ദരമായി വലയില്‍ നിക്ഷേപിച്ച് മെസ്സി 301ാം ഗോളിലൂടെ ബാഴ്‌സലോണയുടെ വിജയം ഉറപ്പാക്കി. ജയത്തോടെ ബാഴ്‌സലോണക്ക് 65 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡുമായി 15 പോയിന്റ് വ്യത്യാസമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്കുള്ളത്.
ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജുവന്റസിന് അപ്രതീക്ഷിത തോല്‍വി. എ എസ് റോമയാണ് അവരെ എതിരില്ലാത്ത ഒറ്റ ഗോളിന് കീഴടക്കിയത്. ആദ്യ പകുതി ഗോളില്ലാതെ കടന്നുപോയപ്പോള്‍ രണ്ടാം പകുതിയുടെ 58ാം മിനുട്ടില്‍ നായകന്‍ ഫ്രാന്‍സിസ്‌കോ ടോട്ടിയാണ് അവര്‍ക്ക് വിജയ ഗോള്‍ സമ്മാനിച്ചത്.
ജര്‍ന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ഫ്രാങ്ക്ഫര്‍ട്ടിനെ കീഴടക്കി. മാര്‍കോ റിയൂസിന്റെ ഹാട്രിക്കാണ് മത്സരത്തിന്റെ സവിശേഷത.