വി എസിനെതിരെ പി സി ജോര്‍ജ് ഗൂഢാലോചന നടത്തി: നന്ദകുമാര്‍

Posted on: February 18, 2013 1:48 pm | Last updated: February 18, 2013 at 1:48 pm

3536556555_TG-Nandakumar,-middlemanന്യൂഡല്‍ഹി: റിലയന്‍സ് ഡാറ്റ സെന്റര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് വി എസ്അച്യുതാനന്ദനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് വിവാദ വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നന്ദകുമാര്‍ ഈ ആരോപണം ഉന്നയിച്ചത്. പി സി ജോര്‍ജ് ഇതിനായി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും നന്ദകുമാര്‍ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. സംസ്ഥാന ഡാറ്റ സെന്റര്‍ റിലയന്‍സിനു കൈമാറിയത് സി ബി ഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ നല്‍കിയ ഹരജിയിലാണ് നന്ദകുമാറിന്റെ ആരോപണം. പി സി ജോര്‍ജ് അഡ്വക്കറ്റ് ജനറലുമായി ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. സി ബി ഐ അന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ സമ്മതം തീരുമാനമായി കോടതിയെ അഡ്വക്കറ്റ് ജനറല്‍ തെറ്റിദ്ധിരിപ്പിക്കുകയായിരുന്നു. ഡാറ്റ സെന്റര്‍ കൈമാറ്റം സി ബി ഐ അന്വേഷിക്കണമെന്ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നില്ലെന്നും നന്ദകുമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ടി ജി നന്ദകുമാര്‍ പറയുന്നത് വിവരക്കേടാണെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. ഡാറ്റാ സെന്റര്‍ കൈമാറ്റം സംബന്ധിച്ച് അന്വേഷണം സി ബി ഐക്കു കൈമാറണമെന്ന ഹൈക്കോടതി ആവശ്യം സ്‌റ്റേ ചെയ്യണമെന്നാണ് നന്ദകുമാറിന്റെ ആവശ്യം. എന്നാല്‍ സി ബി ഐക്ക് കേസ് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.