Connect with us

International

ടീസ്റ്റ: ഇന്ത്യ ഉദാര സമീപനം സ്വീകരിക്കുമെന്ന് ബംഗ്ലാദേശിന് പ്രതീക്ഷ

Published

|

Last Updated

ധാക്ക: ടീസ്റ്റ നദീ ജലം പങ്കിടുന്നത് സംബന്ധിച്ച് ഇന്ത്യ ഉദാര സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ധാക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാല്‍ ഖുര്‍ഷിദുമായുള്ള കൂടിക്കാഴ്ചക്കിടെ സംസാരിക്കുകയായിരുന്നു അവര്‍. ഉഭയകക്ഷി സഹകരണമുള്‍പ്പെടെ എല്ലാ മേഖലകളിലും ബംഗ്ലാദേശിന് ഇന്ത്യന്‍ സഹായം ലഭിക്കുമെന്ന് ഖുര്‍ഷിദ് ഉറപ്പ് നല്‍കി. ഇതിന് തൊട്ടുപിറകെയാണ് ടീസ്റ്റ നദീ ജല തര്‍ക്ക വിഷയം ഹസീന എടുത്തിട്ടത്.
ഇന്ത്യയുടെ ഉദാര സമീപനം പ്രശ്‌നപരിഹാരം സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാറിലെത്തിച്ചേരാനുള്ള മാനദണ്ഡങ്ങള്‍ ഇന്ത്യ തുടങ്ങിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ടീസ്റ്റ വിഷയത്തില്‍ കരാര്‍ വൈകുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലാ വിദേശകാര്യമന്ത്രി ദിപു മോനിയുമായി ടീസ്റ്റ നദീജല തര്‍ക്കം ഖുര്‍ഷിദ് ചര്‍ച്ച ചെയ്തിരുന്നു.
മികച്ച യോഗമെന്നാണ് ഹസീനയുമായുള്ള കൂടിക്കാഴ്ചയെ ഖുര്‍ഷിദ് വിശേഷിപ്പിച്ചത്. ബംഗ്ലാദേശിനായി ഇന്ത്യ പ്രഖ്യാപിച്ച ഇരുപത് കോടി യു എസ് ഡോളറിന്റെ സാമ്പത്തിക സഹായത്തില്‍ അഞ്ച് കോടി ഡോളര്‍ ഇന്നലെ സ്വീകരിച്ചതായി ഹസീന അറിയിച്ചു. പത്മ നദിക്ക് കുറുകെ പണിയുന്ന പാലത്തിന്റെ നിര്‍മാണച്ചെലവിലേക്ക് ഈ തുക വിനിയോഗിക്കുമെന്നും അവര്‍ അറിയിച്ചു. ഒരു വിദേശ രാജ്യത്തിന് ഇന്ത്യ പ്രഖ്യാപിച്ച ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഇന്ത്യ ബംഗ്ലാദേശിന് നല്‍കിയ പുതിയ ബസുകളുടെ ലോഞ്ചിംഗ് കര്‍മം നിര്‍വഹിച്ചു. അശോക് ലൈലാന്‍ഡ് കമ്പനി നിര്‍മിച്ച 50 ബസുകളാണ് ബംഗ്ലാദേശിന് ഇന്ത്യ നല്‍കുന്നത്. ഇതില്‍ 20 ബസുകളാണ് നിലവില്‍ നല്‍കിയിട്ടുള്ളത്.

Latest