തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദയവൈകല്യങ്ങള്‍

Posted on: February 18, 2013 12:13 pm | Last updated: February 18, 2013 at 12:13 pm

ഹൃദ്രോഗവുമായി പിറന്നുവീഴുന്ന നിരവധി കുഞ്ഞുങ്ങളുണ്ട്. ഇന്ത്യയില്‍ ഒരു വര്‍ഷം 1,30,000 മുതല്‍ 2,70,000 വരെ കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നു. ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളില്‍ ചിലത് അതീവ അപകടകരമാവാം. ഇങ്ങനെ അടിയന്തര ശ്രദ്ധ ലഭിക്കേണ്ട 80,000 കുട്ടികളെങ്കിലും ഒരു വര്‍ഷം ജനിക്കുന്നുണ്ട്. പത്തു ശതമാനത്തോളം നവജാത ശിശുക്കളുടെ മരണകാരണം ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്.
കുട്ടികളില്‍ കാണുന്ന ഹൃദ്രോഗങ്ങളെ രണ്ടായി തിരിക്കാം: ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍, വാതപ്പനി (റ്യുമാറ്റിക് ഫീവര്‍) മൂലം ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍. ഇവയില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്നതും പ്രധാനമായതും ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്. മുപ്പതിലധികം രോഗങ്ങളെ ഇതുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്. ഈയിടെ പുറത്തുവന്ന ഒരു കണക്കു പ്രകാരം ആയിരം കുഞ്ഞുങ്ങളില്‍ എട്ടു പേര്‍ക്ക് ജന്മനാലുള്ള ഹൃദയ വൈകല്യങ്ങള്‍ ഉണ്ടാകുന്നു.
യഥാസമയം രോഗം കണ്ടെത്താന്‍ കഴിയാറില്ലെന്നതാണ് നമ്മുടെ നാട്ടിലെ പ്രധാന പോരായ്മ. പീഡിയാട്രിക് കാര്‍ഡിയോളജിയില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ ഇവിടെ വളരെ കുറവാണ്. പ്രസവം കഴിഞ്ഞാലുടന്‍ ശിശുവിദഗ്ധരോ, നവജാത ശിശു വിദഗ്ധരോ കുഞ്ഞുങ്ങളെ വിശദമായി പരിശോധിക്കുന്ന രീതി ഇവിടെ വ്യാപകമല്ല. ഇത് വലിയ പരിമിതിയാണ്. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ സംവിധാനങ്ങളുള്ള ആശുപത്രികളും വിരളമാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ചെലവും മാതാപിതാക്കളുടെ അജ്ഞതയും മറ്റു പ്രശ്‌നങ്ങളാണ്.
ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളില്‍ മിക്കതും ഹൃദയത്തിന്റെയോ അതോടനുബന്ധിച്ചുള്ള രക്തക്കുഴലുകളുടെയോ ഘടനയിലുണ്ടാകുന്ന വൈകല്യങ്ങളുടെ ഫലമാണ്. ഭ്രൂണവളര്‍ച്ച മൂന്നാഴ്ചയോളമാകുമ്പോഴാണ് ഗര്‍ഭസ്ഥശിശുവില്‍ ഹൃദയം രൂപപ്പെട്ടുതുടങ്ങുന്നത്. മൂന്നാഴ്ച പ്രായമുള്ള ഭ്രൂണത്തില്‍ ഹൃദയത്തിന്റെ ഒരു മൊട്ടു മാത്രമാണ് ഉണ്ടാകുക. ഹൃദയ മുകുളം വിടര്‍ന്നു വികസിച്ച് ഹൃദയത്തിന്റെ യഥാര്‍ഥ ഘടനയിലേക്കെത്താന്‍ ഏകദേശം ആറാഴ്ച പിന്നിടണം. ഇടത്തും വലത്തുമുള്ള അറകളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന വാല്‍വുകളുമൊക്കെ വേര്‍തിരിഞ്ഞ് മൂന്നു മാസമാകുമ്പോഴേക്ക് ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയം ശരിയായി രൂപം കൈക്കൊണ്ടിട്ടുണ്ടാവും. ഇത്തരം സങ്കീര്‍ണമായ വികാസ കാലഘട്ടത്തിലുണ്ടാകുന്ന ചില തകരാറുകള്‍ ഹൃദയ വൈകല്യത്തിനു കാരണമാകുന്നു.
ശിശു ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ ശ്വസനം നടക്കില്ല. ശ്വാസകോശങ്ങള്‍ രണ്ടും ശരിയായി വികസിച്ചിട്ടുണ്ടാവില്ല. മുതിര്‍ന്നവരില്‍ ഹൃദയ പ്രവര്‍ത്തനത്തിന്റെ ഫലമായി രക്തം ശ്വാസകോശങ്ങളിലെത്തിയാണ് ശുദ്ധീകരണം നടക്കുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയിലുള്ള ശിശുവില്‍ ഈ പ്രക്രിയ നടക്കുന്നില്ല. ഗര്‍ഭസ്ഥ ശിശുവിന്റെ രക്തചംക്രമണം പിറന്നുകഴിഞ്ഞ ശിശുവിന്റേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. പ്രസവാനന്തരം ശിശു ശ്വാസോച്ഛാസ പ്രക്രിയ തുടങ്ങുമ്പോഴാണ് ഹൃദയം സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. അമ്മയുടെ രക്തത്തില്‍ നിന്നാണ് ഗര്‍ഭസ്ഥശിശു ഓക്‌സിജന്‍ സ്വീകരിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പുറന്തള്ളുന്നതും അവിടേക്കു തന്നെ. ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തിലെ പ്രത്യേക രക്തപര്യയന വ്യവസ്ഥ നിലനില്‍ക്കുന്നത് ഡക്റ്റസ് ആര്‍ട്ടീരിയോസസ് എന്ന പ്രത്യേക കുഴല്‍ മൂലമാണ്.
ഹൃദയത്തിലെ മേലറകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ഫൊറാമെന്‍ ഒവേല്‍ എന്നൊരു പ്രത്യേക വാല്‍വുണ്ട്. ജനിച്ചയുടന്‍ കുഞ്ഞ് അലറിക്കരഞ്ഞുകൊണ്ട് ശ്വാസോച്ഛാസം ചെയ്യാന്‍ തുടങ്ങുന്നതോടെ ശ്വാസകോശം പ്രവര്‍ത്തിച്ചുതുടങ്ങുകയും വികസിക്കുകയും ചെയ്യുന്നു. അതോടെ ഡക്റ്റസ് ആര്‍ട്ടീരിയോഡിസ് എന്ന കുഴലും ഫൊറാമെന്‍ ഒവേല്‍ എന്ന ദ്വാരവും അപ്രസക്തമാകും. ഇരുപത്തിനാലു മണിക്കൂറിനകം തന്നെ ഇവ അടഞ്ഞുപോകാറുണ്ട്. ഫൊറാമെന്‍ ഒവേല്‍ എന്ന വാല്‍വോടു കൂടിയ ദ്വാരം അടയുന്നതോടെയാണ് രക്തചംക്രമണ വ്യവസ്ഥ സാധാരണ മനുഷ്യരുടേതുപോലെ ആയിത്തീരുന്നത്.
കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നതിന്റെ കാരണം പലപ്പോഴും അവ്യക്തമാണ്. പത്തു ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കു മാത്രമേ കാരണം തിരിച്ചറിയാനാവൂ. പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയൊക്കെ കാരണമാവാമെന്നാണ് അനുമാനം. ക്രോമസോമുകളുടെ എണ്ണത്തിലെ വ്യതിയാനങ്ങളും രോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.
(വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സീതാലക്ഷ്മി, തിരുവനന്തപുരം)