Kerala
സംസ്ഥാന സര്‍ക്കാരിന്റെ പോഗ്രസ് റിപ്പോര്‍ട്ടിന് പൂജ്യം മാര്‍ക്ക്; രമേശ് ചെന്നിത്തല
ആര്‍ക്കും മനസിലാവില്ല എന്ന് കരുതിയാണ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
പത്തനംതിട്ട|സംസ്ഥാന സര്‍ക്കാരിന്റെ പോഗ്രസ് റിപ്പോര്‍ട്ടിന് പൂജ്യം മാര്‍ക്കെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രോഗ്രസില്‍ ഉള്ളത് അര്‍ധ സത്യങ്ങള്‍ മാത്രം. പ്രോഗ്രസ് ഉണ്ടായത് മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പത്തനംതിട്ട ഡി സി സി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ആര്‍ക്കും മനസിലാവില്ല എന്ന് കരുതിയാണ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ലൈഫ് പദ്ധതിയില്‍ പകുതിയും പൂര്‍ത്തിയാകാത്ത വീടുകളാണ്. നാലു ലക്ഷം രൂപക്ക് കേരളത്തില്‍ വീട് വയ്ക്കാന്‍ കഴിയില്ല. ശബരിമല സ്വര്‍ണ്ണ കൊള്ളയെപ്പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
മുഖ്യമന്ത്രി ഒരു തവണ പോലും വായിച്ചു നോക്കാതെയാണ് പ്രകടന പത്രിക ഇറക്കിയിട്ടുള്ളത്. ആരെങ്കിലും എഴുതി കൊടുക്കുന്ന പ്രസംഗം വായിക്കുന്ന ആളാണ് മുഖ്യമന്ത്രി. സ്വന്തമായി എന്തെങ്കിലും പറഞ്ഞാല്‍ കോന്നിയില്‍ പറഞ്ഞത് പോലെ ആകും. തോമസ് ഐസക്ക് ആണ് പ്രകടന പത്രിക തയ്യാറാക്കിയത്. ഐസക്ക് പിണറായിക്ക് പണി കൊടുത്തതാണ്. കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കിടെ ട്രെയിനില്‍ ഇരുന്ന് പത്രിക തയ്യറാക്കുന്നത് താന്‍ കണ്ടു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വയനാട് ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഭൂമി ലഭിക്കുന്നതുമായ ബന്ധപ്പെട്ട കാലതാമസമാണ് വീട് നിര്‍മ്മിക്കുന്നതിന് താമസമുണ്ടാകാന്‍ കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലീഗ് കൂടുതല്‍ സീറ്റോ ഉപമുഖ്യമന്ത്രി സ്ഥാനമോ ചോദിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖറും വിജയരാഘവനും ഒരേ നുണ ആവര്‍ത്തിക്കുന്നതില്‍ നിന്നും ഇവര്‍ തമ്മിലുള്ള അന്തര്‍ധാര വ്യക്തമായി. സ്ത്രീകളെ മുഖ്യമന്ത്രി ആക്കുന്നതില്‍ സി പി എം പരാജയപ്പെട്ടു. കോണ്‍ഗ്രസില്‍ വരും കാലങ്ങളില്‍ അങ്ങനെ ഒരു തീരുമാനം ഉണ്ടാവുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കമാന്റ് തീരുമാനിക്കും. മറ്റ് മണ്ഡലങ്ങളിലെ പ്രചരണത്തിനിടെ സ്വന്തം മണ്ഡലത്തിലെ വിജയം ഉറപ്പാക്കിയോ എന്ന ചോദ്യത്തിന് മറുപടിയായി തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തന്നെ ഇഷ്ടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




