Connect with us

Kerala

കൊരണപ്പാറ മലയില്‍ കുടുങ്ങിയ യുവാക്കളെ താഴെയിറക്കി; രക്ഷപ്പെടുത്തിയത് ദുഷ്‌കരമായ തിരച്ചില്‍ ദൗത്യത്തിനൊടുവില്‍

വളയം കുയ്‌തേരി സ്വദേശികളായ അബിദേവ്, അമല്‍ എന്നിവരെയാണ് തിരിച്ചെത്തിച്ചത്.

Published

|

Last Updated

കോഴിക്കോട് | തൊട്ടില്‍പ്പാലത്തിനടുത്ത് കരിങ്ങാട് കൊരണപ്പാറ മലയില്‍ കുടുങ്ങിയ രണ്ട് യുവാക്കളെ താഴെയിറക്കി. വളയം കുയ്‌തേരി സ്വദേശികളായ അബിദേവ്, അമല്‍ എന്നിവരാണ് മലയില്‍ കുടുങ്ങിയത്. നാദാപുരം ഫയര്‍ഫോഴ്‌സും തൊട്ടില്‍പ്പാലം പോലീസും ചേര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ ഇവരെ താഴത്തെത്തിച്ചത്.

കായക്കൊടി കാവിലുംപാറ പഞ്ചായത്തുകളില്‍ സ്ഥിതിചെയ്യുന്ന ഏറെ ഉയരം കൂടിയ മലയാണ് കൊരണപ്പാറ. ഇന്നലെ വൈകിട്ട് മലകയറിയ യുവാക്കള്‍ തിരിച്ചിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വഴിതെറ്റുകയായിരുന്നു. ഇരുട്ട് പരന്നിരുന്നതിനാലാണ് വഴി മനസ്സിലാവാതെ പെട്ടുപോയത്. മൊബൈലിന്റെ ചാര്‍ജ് തീര്‍ന്നതും റെയിഞ്ച് ഇല്ലാത്തതുമെല്ലാം പ്രതിസന്ധിയായി. ഇതിനിടെ, ഒരിടത്തുവച്ച് റെയ്ഞ്ച് കിട്ടിയപ്പോള്‍ 101-ല്‍ വിളിച്ച് ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തുകയായിരുന്നു. ദുര്‍ഘടമായ മലയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഒടുവില്‍ രാത്രി പത്തരയോടെയാണ് യുവാക്കളെ കണ്ടെത്തിയത്.

 

Latest