Connect with us

National

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് വിടവാങ്ങി

പത്മശ്രീ ജേതാവാണ്. 1984-ലെ ഭോപാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിന് മുന്നിലെത്തിച്ചു. പ്രശസ്തമായ മാഗ്‌നം ഫോട്ടോസില്‍ അംഗമായ ചുരുക്കം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ വ്യത്യസ്തതകളെയും ഭാവവൈജാത്യങ്ങളെയും ക്യാമറക്കണ്ണില്‍ ഒപ്പിയെടുത്ത പ്രമുഖ ഫോട്ടോഗ്രാഫര്‍ രഘു റായ് വിടവാങ്ങി. ഇവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു 83കാരനായ അദ്ദേഹത്തിന്റ അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ലോധി ശ്മശാനത്തില്‍ നടക്കും. ഗുര്‍മീത് ആണ് ഭാര്യ. നിതിന്‍ റായ്, ലഗാന്‍, ആവണി, പുര്‍വായ് എന്നിവര്‍ മക്കളാണ്.

ക്യാന്‍സര്‍ ബാധിതനായ അദ്ദേഹം രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നുവെന്ന് രഘു റായിയുടെ മകനും ഫോട്ടോഗ്രാഫറുമായ നിതിന്‍ റായ് പറഞ്ഞു. വാര്‍ധക്യ സംബന്ധമായ പ്രശ്‌നങ്ങളും പിതാവിനെ അലട്ടിയിരുന്നതായി നിതിന്‍ വ്യക്തമാക്കി.

ഇന്ദിരാ ഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റായ്, ബാല്‍ താക്കറെ തുടങ്ങിയവരുടെ വിവിധ ആങ്കിളുകളിലുള്ള ചിത്രങ്ങള്‍ രഘു റായ് പകര്‍ത്തി. 1984-ലെ ഭോപാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിന് മുന്നിലെത്തിച്ചു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. പ്രശസ്തമായ മാഗ്‌നം ഫോട്ടോസില്‍ അംഗമായ ചുരുക്കം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍ കൂടിയാണ് രഘു റായ്.

1942-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ (നിലവില്‍ പാകിസ്ഥാനില്‍) പഞ്ചാബിലെ ഝാങ്ങില്‍ ജനിച്ച രഘു റായ് ഫോട്ടോഗ്രാഫറായ മൂത്ത സഹോദരന്റെ കീഴിലാണ് ഫോട്ടോഗ്രഫി അഭ്യസിച്ചത്. 1965 ല്‍ ന്യൂഡല്‍ഹിയിലെ ;ദി സ്റ്റേറ്റ്സ്മാനി’ല്‍ ഫോട്ടോഗ്രാഫറായി ചേര്‍ന്നു. ഇക്കാലയളവില്‍ അനവധി ദേശീയ പരിപാടികള്‍ റിപോര്‍ട്ട് ചെയ്തു. 1976-ല്‍ ‘സണ്‍ഡേ’ വാരികയില്‍ ഫോട്ടോ എഡിറ്ററായി ചേര്‍ന്നു. 1977-ല്‍ ലോകപ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍-ബ്രെസണ്‍ നാമനിര്‍ദേശം ചെയ്തതിനെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ മാഗ്‌നം ഫോട്ടോസില്‍ അംഗമായി. 1980 മുതല്‍ ഇന്ത്യാ ടുഡേയുടെ പിക്ചര്‍ എഡിറ്ററായും ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു.

ഇന്ത്യയിലെ ജനജീവിതം, സംസ്‌കാരം, നഗരങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള 18-ലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഭോപാല്‍ ദുരന്തത്തിന്റെ ആഘാതത്തെക്കുറിച്ച് ദീര്‍ഘകാല പഠനം നടത്തിയ രഘു റായ് ‘എക്‌സ്‌പോഷര്‍: എ കോര്‍പറേറ്റ് ക്രൈം’ എന്ന ശ്രദ്ധേയമായ പുസ്തകം രചിക്കുകയും ചെയ്തു.

 

Latest