Connect with us

National

മകന്‍ ഡല്‍ഹി വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തതിന് പിതാവിനെ കൊലപ്പെടുത്തി സംഭവം; കുടുംബത്തെ സന്ദര്‍ശിച്ച് യൂത്ത് ലീഗ്

പിതാവിന്റെ മരണത്തിന് നഷ്ടപരിഹാരമല്ല, അദ്ദേഹത്തിന്റെ പേരില്‍ ഗ്രാമത്തില്‍ ഒരു സ്‌കൂള്‍ സ്ഥാപിക്കണമെന്നാണ് ഹഫീസ് ആവശ്യപ്പെട്ടത്.

Published

|

Last Updated

കൊല്‍ക്കത്ത| ഡല്‍ഹി ജന്ദര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ഥി സമരത്തില്‍ മകന്‍ പങ്കെടുത്തതിന്റെ പേരില്‍ പശ്ചിമ ബംഗാളില്‍ പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ വീട്ടിലെത്തി. ബങ്കുര ജില്ലയിലെ മുഹമ്മദ് മാഫിക്കിന്റെ കുടുംബത്തെയാണ് യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ ഷിബു മീരാന്‍, ദേശീയ സെക്രട്ടറി സികെ ശാക്കിര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് അബുല്‍ ഹസന്‍ മൊല്ല എന്നിവര്‍ സന്ദര്‍ശിച്ചത്.

മാഫിക്കിന്റെ ഭാര്യ ഹസീന ബീഗം, മകന്‍ അബ്ദുള്‍ ഹഫീസ്, മകള്‍ ടാനിയ ഖാത്തൂന്‍ എന്നിവരുമായി നേതാക്കള്‍ സംസാരിച്ചു. നീതിക്കായുള്ള പോരാട്ടത്തില്‍ കുടുംബത്തോടൊപ്പം യൂത്ത് ലീഗ് ഉണ്ടാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി.

ഡല്‍ഹി ജന്ദര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ഥി സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്ന അബ്ദുള്‍ ഹഫീസ് ഗ്രാമത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നതായി യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.

സ്‌കൂള്‍ അധികൃതരോടും വിദ്യാര്‍ഥികളോടും സംസാരിച്ച് സ്‌കൂളിന്റെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനുമായി ഹഫീസ് സ്‌കൂളിലെത്തിയതിന് പിന്നാലെയാണ് അക്രമമുണ്ടായത്.

രാത്രിയില്‍ വീടിന് മുന്നിലെത്തിയ സംഘം ഹഫീസിന്റെ ഫോണ്‍ തട്ടിയെടുക്കുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ മകനെ രക്ഷിക്കാന്‍ എത്തിയ മാഫിക്കിനെ ഇരുമ്പുവടികളുമായി സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാഫിക്കിനെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ബര്‍ദവാന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 15ന് രാത്രി മരിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രദേശത്തെ ബിജെപി ബൂത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്യ്തു.
പിതാവിന്റെ മരണത്തിന് നഷ്ടപരിഹാരമല്ല, അദ്ദേഹത്തിന്റെ പേരില്‍ ഗ്രാമത്തില്‍ ഒരു സ്‌കൂള്‍ സ്ഥാപിക്കണമെന്നാണ് ഹഫീസ് ആവശ്യപ്പെട്ടത്. വീട്ടിലെ സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഹഫീസ്. സഹോദരി കോളജ് വിദ്യാര്‍ത്ഥിനിയാണ്.

സ്വന്തം ഗ്രാമത്തില്‍ മെച്ചപ്പെട്ട ഒരു സ്‌കൂള്‍ സ്വപ്നം കൊണ്ടതിന്റെ പേരില്‍ സ്വാതന്ത്ര്യ ദിനത്തില്‍ സ്വന്തം പിതാവിന്റെ അരും കൊല നേരില്‍ കാണേണ്ടി വന്ന ഹഫീസിനൊപ്പം നീതിക്കായുള്ള പോരാട്ടത്തില്‍ എല്ലാ പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് കൂടെ നില്‍ക്കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള കൃത്യമായ അന്വേഷണം നടക്കണം. രാജ്യമാകെ അലയടിച്ചുയരുന്ന വിദ്യാര്‍ത്ഥി യുവജന രോഷത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്ന് നേതാക്കള്‍ പറഞ്ഞു.

വിയോജിച്ചതിനും അവകാശം ചോദിച്ചതിനും മനുഷ്യരുടെ ജീവനെടുക്കുന്ന ഭീകരത പശ്ചിമ ബംഗാളിലും ആരംഭിച്ചു എന്നതിന്റെ തെളിവാണ് മാഫിക്കിന്റെ രക്തസാക്ഷിത്വമെന്ന് അഡ്വ: ഷിബു മീരാന്‍ പറഞ്ഞു. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും യുവാക്കള്‍ക്ക് തൊഴിലും നിഷേധിച്ച് വര്‍ഗീയ അജണ്ടകളില്‍ അഭിരമിക്കുന്ന ബിജെപി കെതിരെ നടക്കുന്ന സമരങ്ങളോാടൊപ്പം യൂത്ത് ലീഗ് നിലയുറപ്പിക്കും. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മുഹമ്മദ് മാഫിക്കിന്റെ കുടുംബം ആവശ്യപ്പെടുന്ന എല്ലാ സഹായവും പിന്തുണയുമായി കൂടെയുണ്ടാകുമെന്നും അദേഹം പറഞ്ഞു.

Content Highlights:
Muslim Youth League leaders visited the family of Mohammad Mafik, who was killed in West Bengal after his son participated in a student protest at Jantar Mantar. Leaders pledged full support for their legal battle and demanded strict action against the culprits. Eight people including a local BJP leader were arrested.

---- facebook comment plugin here -----

Latest