International
H-1B Visa ഫീസ് 1,03,265 ഡോളറായി ഉയർത്താൻ അമേരിക്ക; ഇന്ത്യക്കാർക്ക് വൻ തിരിച്ചടി
എച്ച് 1ബി ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടാൽ നൽകിയിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് റദ്ദാക്കാനും ഡി എച്ച് എസ് നിർദ്ദേശം
വാഷിംഗ്‌ടൺ | എച്ച് 1ബി വിസ (US Visa Policy) അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോർട്ട്. യു എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) എച്ച് 1ബി വിസ ഫീസ് 1,03,265 ഡോളറായി ഉയർത്താൻ ലക്ഷ്യമിടുന്നതായി ഫെഡറൽ രജിസ്റ്റർ പ്രസിദ്ധീകരിച്ച വിവരങ്ങൾ വ്യക്തമാക്കി. പുതിയ നിർദ്ദിഷ്ട നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ വിദേശ ജീവനക്കാർക്കും സർവകലാശാലകളിൽ നിന്ന് തൊഴിൽ മേഖലയിലേക്ക് മാറുന്ന വിദ്യാർത്ഥികൾക്കും എച്ച് 1ബി ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകൾക്കും ചെലവുകൾ ഗണ്യമായി വർധിക്കും.
കോർപ്പറേറ്റ് ഇമിഗ്രേഷൻ സർവീസ് സ്ഥാപനമായ ഫ്രാഗോമൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഈ നിർദ്ദേശങ്ങൾ സംബന്ധിച്ച് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റിന്റെ പരിശോധന പൂർത്തിയാക്കുകയോ വിലയിരുത്തലിൽ എത്തിക്കഴിയുകയോ ചെയ്തിട്ടുണ്ട്. വിദേശ തൊഴിലാളികൾക്കായി അനുവദിക്കുന്ന എച്ച് 1ബി വിസ ആനുകൂല്യങ്ങളിൽ 70 ശതമാനത്തിലധികവും കൈപ്പറ്റുന്നത് ഇന്ത്യക്കാരായതിനാൽ ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ പ്രൊഫഷണലുകളെയാണ്. 2024 ൽ യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) അംഗീകരിച്ച 3,99,402 എച്ച് 1ബി ഹർജികളിൽ 71 ശതമാനവും ഇന്ത്യയിൽ ജനിച്ച അപേക്ഷകരായിരുന്നു.

ഡൊണാൾഡ് ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം കൊണ്ടുവന്ന 1,00,000 ഡോളറിൻ്റെ എച്ച് 1ബി വിസ ഫീസ് നിയമപരമായ ചട്ടക്കൂടിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായാണ് ഈ നിർദ്ദേശം. ഈ പ്രഖ്യാപനത്തിൻ്റെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ് ഇത് സ്ഥിരം നിയമമാക്കാൻ നീക്കം നടത്തുന്നത്. മാസാച്യുസെറ്റ്സ് ഡിസ്ട്രിക്റ്റ് കോടതി ഈ ഫീസ് വർദ്ധനവ് റദ്ദാക്കിയിരുന്നുവെങ്കിലും, അപ്പീൽ കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചുകൊണ്ട് യു എസ് സി ഐ എസ് (USCIS) മുന്നോട്ട് പോകുകയാണ്.
മറ്റൊരു തിരിച്ചടിയായി എച്ച് 1ബി ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടാൽ നൽകിയിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് (Grace Period) റദ്ദാക്കാനും ഡി എച്ച് എസ് നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരും അവരുടെ ആശ്രിതരും ഉടൻ തന്നെ രാജ്യം വിടേണ്ടി വരും. 5.2 മില്യണിലധികം ഇന്ത്യൻ വംശജരാണ് നിലവിൽ അമേരിക്കയിൽ താമസിക്കുന്നത്.
Content Highlights
The US Department of Homeland Security proposes raising the H-1B visa fee to over $100,000, significantly impacting Indian nationals who account for over 70% of beneficiaries. The policy also aims to remove the 60-day grace period for unemployed visa holders.




