Connect with us

From the print

തങ്ങള്‍ യാത്രയായി; പന്തലായനിയിലൂടെ, പതിനായിരങ്ങൾക്കൊപ്പം

സുബ്ഹി നിസ്‌കാരത്തിന് ശേഷം ജനപ്രവാഹത്തിന്റെ ഒഴുക്ക് കൂടി. ഒരു നിമിഷം പോലും ഇടവിടാത്ത പ്രാർഥനാ വചസ്സുകൾ

Published

|

Last Updated

കോഴിക്കോട് | പന്തലായനി കടപ്പുറത്തിന് ഇന്നലെ പതിവ് ദിവസമായിരുന്നില്ല. ആ നാടിന്റെ കാരണവർ അന്ത്യയാത്രയായിരിക്കുന്നു. സയ്യിദ് അലി ബാഫഖി തങ്ങൾ എന്ന ചരിത്രപുരുഷൻ പതിനായിരങ്ങൾക്കൊപ്പമാണ് ഇന്നലെ പന്തലായനിയിലൂടെ അവസാനമായി കടന്നുപോയത്. മുബാറക് റോഡിലെ വലിയകത്ത് ബംഗ്ലാവ് ചരിത്രമുറങ്ങുന്ന തറവാടാണ്. കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയരംഗത്ത് നിർണായക തീരുമാനങ്ങൾക്ക് സാക്ഷിയായ ഇടം.
വിയോഗവാർത്തയറിഞ്ഞ് ആ വീട്ടിലേക്ക് തിങ്കളാഴ്ച രാത്രി മുതൽ തന്നെ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ജീവിതത്തിന്റെ നാനാതുറകളിലെ നേതാക്കളും പ്രവർത്തകരുമടക്കം വൻ ജനാവലി. ജനാസ കാണാനെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് കൊയിലാണ്ടി നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടറുടെ അവധി പ്രഖ്യാപനം.

സുബ്ഹി നിസ്‌കാരത്തിന് ശേഷം ജനപ്രവാഹത്തിന്റെ ഒഴുക്ക് കൂടി. ഒരു നിമിഷം പോലും ഇടവിടാത്ത പ്രാർഥനാ വചസ്സുകൾ. മയ്യിത്ത് വീട്ടിൽ നിന്നെടുക്കാനുള്ള സമയം ഏതാണ്ട് അടുത്തുവരുന്നു. മുബാറക് റോഡും പരിസരവും ജനനിബിഡമാണ്. പ്രാസ്ഥാനിക നായകന്റെ പൂമുഖമൊന്ന് കാണാൻ ദൂരദിക്കിൽ നിന്നെത്തിയവരുടെ വരി അങ്ങ് ദേശീയപാതയിലാണ്. സമയം 11.45. മയ്യിത്ത് കുടുംബത്തെ കാണിക്കുന്നതിന് വേണ്ടി വീടിനുള്ളിലേക്ക് എടുക്കുന്നു. അവസാന പ്രാർഥനക്ക് സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി എന്നിവരുടെ നേതൃത്വം.

ഇനി അന്ത്യവിശ്രമ കേന്ദ്രമായ മർകസ് ഖൽഫാനിലേക്കുള്ള യാത്രയാണ്. അതിനിടക്ക് ബാഫഖി തറവാടിനോടനുബന്ധിച്ചുള്ള മസ്ജിദിൽ അൽപ്പനേരം. ശേഷം ജനാസയും വഹിച്ച് പതിനായിരങ്ങൾ മുബാറക് റോഡിൽ നിന്ന് ദേശീയപാതയോരത്തേക്ക്. ബീച്ച് റോഡിലൂടെ താലൂക്ക് ആശുപത്രി വഴി പന്തലായനി വില്ലേജ് ഓഫീസും കടന്ന് മർകസ് ഖൽഫാനിലേക്കെത്തുമ്പോൾ സമയം 12.20. സ്ഥാപനത്തോടനുബന്ധിച്ചുള്ള മൈതാനത്ത് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ നിസ്‌കാരം.
സമയം 1.20. മയ്യിത്ത് ഖബറിലേക്കെടുക്കുന്നു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീൽ അല്‍ബുഖാരിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളും ബശീറലി ശിഹാബ് തങ്ങളുമടക്കം സയ്യിദന്മാരുടെ സജീവസാന്നിധ്യം. പ്രിയപ്പെട്ട തങ്ങൾ ഇനി ഖൽഫാന്റെ മുറ്റത്ത് അന്തിയുറങ്ങും. സമയം 1.38. ഖലീൽ തങ്ങളാണ് ആ വാചകം ഉറക്കെ ചൊല്ലിയത്. ഖുല്ലു നഫ്‌സിൻ ദാഇകതിൽ മൗത്ത്… സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്‌ലിയാരുടെ പ്രാർഥനയോടെ ചരിത്രപുരുഷന് പ്രാസ്ഥാനിക ലോകത്തിന്റെ അന്ത്യയാത്രാമൊഴി.

Content Highlights: Thousands gathered at Koilandy to bid farewell to Sayyid Ali Bafaqi Thangal. The funeral procession moved from his ancestral home to Markaz Khalfan, where prayers were led by Kanthapuram A P Aboubacar Musliyar and other prominent leaders before the burial.

---- facebook comment plugin here -----